ഷിംല: മിന്നൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ വിനോദസഞ്ചാരികളെ ചേർത്ത് പിടിച്ച് ഹിമാചൽ പ്രദേശിലെ ഹോട്ടലുകളും റിസോർട്ടുകളും. മണാലിയിലെയും ബറോട്ടിലെയും നിരവധി ഹോട്ടലുകളും റിസോർട്ടുകളും വിനോദ സഞ്ചാരികൾക്കായി സൗജന്യമായി തുറന്നിടുകയാണ്.
“ഹോട്ടലിൽ താമസിക്കാൻ പണമൊന്നും ഈടാക്കില്ല, എല്ലാ സഹായവും നൽകും,” മണാലിയിലെ ഒരു ഹോട്ടലിന്റെ ട്വീറ്റാണ്. മണാലിയിലെ രംഗാരിയിലുള്ള ബിയാസ് വാലിയും ബിയാസ് റെസിഡൻസി ഹോട്ടലും ആവശ്യമുള്ളവർക്ക് സൗജന്യമായി സഹായം വാഗ്ദാനം ചെയ്തു.
മാണ്ഡിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള കേണലിന്റെ ബരോട്ട് ഹൈലാൻഡ് റിട്രീറ്റും സൗജന്യ താമസം വാഗ്ദാനം ചെയ്തു. ഹോട്ടലുകൾ അവരുടെ ലൊക്കേഷനും ബന്ധപ്പെടാനുള്ള നമ്പറുകളും ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്.
കുളുവിലെ ഓൾഡ് സോളാങ് വാലി റോഡിലെ ആപ്പിൾ ഓർച്ചാർഡ് കോട്ടേജ്, മണാലി ട്രീ ഹൗസ്, പ്രിനി വില്ലേജിലെ ഹംപ്ത പാസ് റോഡിലെ കഫേ തുടങ്ങി താമസം വാഗ്ദാനം ചെയ്യുന്ന ഹോട്ടലുകളുടെ ട്വീറ്റുകൾ നിറയുന്നുണ്ട്.
അതേസമയം, ഏറെ നാശനഷ്ടങ്ങളുണ്ടായ കുളു, മണാലി, സോളൻ, ഷിംല തുടങ്ങിയ ജില്ലകളിൽ ജീവിതം സാധാരണ നിലയിലാക്കാൻ പാടുപെടുമ്പോൾ ഈ ഹോട്ടലുകളുടെ ഇടപെടലുകളെ വ്യാപകമായി പ്രശംസിക്കപ്പെടുന്നുണ്ട്.
വിനോദസഞ്ചാരികളെ സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനായി കുളുവിലെയും മണാലിയിലെയും എല്ലാ ഹോട്ടലുടമകളോടും അവരുടെ അതിഥികളുടെ പട്ടിക പങ്കിടാൻ അഭ്യർഥിച്ച് ഡി.ജി.പിയുടെ ചുമതലയുള്ള സത്വന്ത് അത്വാൾ ഒരു ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.