ഗുവാഹതി: പൗരത്വം തെളിയിക്കാൻ മതിയായ രേഖകളില്ലെന്ന് ആരോപിച്ച് എൻ.ആർ.സി പട്ടികയിൽനിന്ന് 18 ലക്ഷത്തിലധികം പേർ പുറത്താക്കപ്പെട്ട അസമിൽ പുതിയ കുരുക്കുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ആധാർ രജിസ്ട്രേഷൻ നടപടികൾ കുടുതൽ സങ്കീർണമാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഒക്ടോബർ ഒന്ന് മുതൽ ആധാറിന് അപേക്ഷിക്കുമ്പോൾ എൻ.ആർ.സി രസീത് നമ്പർ (എ.ആർ.എൻ) കൂടി വെക്കണം. സംസ്ഥാന ജനസംഖ്യയേക്കാൾ ആധാർ അപേക്ഷകർ വന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സർക്കാറിന്റെ വിശദീകരണം.
അയൽ രാജ്യങ്ങളിൽനിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഇനി മുതൽ സംസ്ഥാനത്ത് ആധാർ ലഭിക്കുക എളുപ്പമാകില്ലെന്നും ഹിമന്ത പറഞ്ഞു. ചില ജില്ലകളിൽ അവിടത്തെ ജനസംഖ്യയേക്കാൾ കൂടുതൽ പേർ ആധാറിന് അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ അധികം വരുന്നവർ നുഴഞ്ഞുകയറ്റക്കാരാണ്. ഇവരെ കണ്ടെത്താനാണ് എ.ആർ.എൻ കൂടി അപേക്ഷക്കൊപ്പം സമർപ്പിക്കണമെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിലവിൽതന്നെ പൗരത്വം അനിശ്ചിതത്വത്തിലായ ലക്ഷക്കണക്കിന് ആളുകളെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ അസമിൽ സ്ഥിര താമസമാക്കിയ ആളുകളുടെ പിൻഗാമികൾ പോലും എൻ.ആർ.സി പട്ടികയിൽനിന്ന് പുറത്താണ്. 2019 ആഗസ്റ്റ് 31ന് പുറത്തുവിട്ട അന്തിമ എൻ.ആർ.സി പട്ടികയിൽ 19 ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്. ട്രൈബ്യൂണൽ വഴി അപ്പീൽ നൽകിയാൽ പോലും ഇതിൽ 10 ലക്ഷത്തിലധികം പേരെങ്കിലും പിന്നെയും പട്ടികക്ക് പുറത്താകുമെന്നാണ് കരുതുന്നത്. നിലവിൽ ഈ 19 ലക്ഷം പേർക്ക് എ.ആർ.എൻ ഉണ്ടാവില്ല. എന്നാൽ, ഇതിൽ എൻ.ആർ.സി പ്രക്രിയക്കായി വീണ്ടും അപേക്ഷിച്ച 9.35 ലക്ഷം ആളുകൾക്ക് പുതിയ ആധാർ രജിസ്ട്രേഷൻ പ്രക്രിയയിൽ ഇളവുണ്ടാകും. ബാക്കിയുള്ള 10 ലക്ഷത്തോളം പേരുടെ കുടുംബങ്ങളിലെ കുട്ടികൾക്കും മറ്റും ആധാർ രജിസ്ട്രേഷൻ സാധ്യമാകില്ല. വിദ്യാഭ്യാസം, പൊതുവിതരണം, ആരോഗ്യ പരിരക്ഷ തുടങ്ങിയ മൗലികാവകാശങ്ങൾ ഇതുവഴി ഇവർക്ക് നിഷേധിക്കപ്പെട്ടേക്കും.
ദിവസങ്ങൾക്കുമുമ്പ് 28 മുസ്ലിംകളെ അസമിൽ ഇന്ത്യൻ പൗരന്മാരല്ലെന്ന് മുദ്രകുത്തി തടങ്കൽ പാളയത്തിലേക്ക് അയച്ചത് വിവാദമായിരുന്നു. ആധാർ നൽകുന്നതും വ്യവസ്ഥകൾ നിയന്ത്രിക്കുന്നതും കേന്ദ്ര സർക്കാരിന്റെ കിഴിലുള്ള യൂണീക് ഐഡിന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ ഐ) ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.