ദിസ്പുർ: വിവാഹത്തോടനുബന്ധിച്ച നിർബന്ധിത മതപരിവർത്തനത്തിനെതിരെ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. വരനും വധുവും മതം, വരുമാനം എന്നിവ സംബന്ധിച്ച വിവരങ്ങൾ വിവാഹത്തിന് ഒരുമാസം മുമ്പ് വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ലവ് ജിഹാദ് ഭീഷണിയെക്കുറിച്ച് പരിശോധിക്കുകയാണ് വിവാഹ ബില്ലിന്‍റെ ലക്ഷ്യമെന്നും എല്ലാ സമുദായങ്ങളെയും ബില്ലിൽ ഉൾപ്പെടുത്തുമെന്നും ശർമ അറിയിച്ചു. 'ഒരു മുസ്ലിം ഹിന്ദുവിനെ വഞ്ചിക്കുന്നത് മാത്രമാണ് ലവ് ജിഹാദെന്ന് അർഥമാക്കുന്നില്ല. ഇത് ഹിന്ദുക്കൾക്കിടയിലും സംഭവിക്കാം. ഒരു ഹിന്ദു യുവാവ് മുസ്ലിം യുവതിയെ വിവാഹം കഴിക്കുന്നതിനായി കള്ളങ്ങൾ നിരത്തി വഞ്ചിച്ചാലും ലവ് ജിഹാദായി കണക്കാക്കാം' -ശർമ പറഞ്ഞു.
ഒരു ഹിന്ദു യുവാവ് ഹിന്ദു പെൺകുട്ടിയോട് കള്ളം പറഞ്ഞാലും ലവ് ജിഹാദാകും. പശു സംരക്ഷണ ബിൽ, ജനസംഖ്യ നിയന്ത്രണ ബിൽ എന്നിവക്ക് ശേഷം വിവാഹ ബിൽ കൊണ്ടുവരുമെന്നും ശർമ കൂട്ടിച്ചേർത്തു.
ഒരു സ്ത്രീ ഹിന്ദുവായാലും മുസ്ലിമായാലും വഞ്ചിക്കപ്പെടുന്നത് സർക്കാർ അംഗീകരിക്കില്ല. ഞങ്ങളുടെ സഹോദരിമാരുടെ സുരക്ഷ ഉറപ്പാക്കാൻ കുറ്റവാളികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ശർമ പറഞ്ഞു.
മധ്യപ്രദേശ്, യു.പി, ഗുജറാത്ത് എന്നിവക്ക് ശേഷം നിർബന്ധിത മതപരിവർത്തന നിരോധന ബിൽ കൊണ്ടുവന്ന ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം.
'തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഞങ്ങൾ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. രണ്ടുമാസം മാത്രമാണ് സർക്കാറിന്‍റെ പ്രായം. ആദ്യം ഞങ്ങൾ പശു സംരക്ഷണ ബിൽ കൊണ്ടുവന്നു. അടുത്തത് ജനസംഖ്യ നിയന്ത്രണ ബില്ലാണ്. ശേഷം ഈ ബിൽ അവതരിപ്പിക്കും' -ശർമ പറഞ്ഞു.
ലവ് ജിഹാദ് എന്ന പദം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം ഒരു ഹിന്ദു മറ്റൊരു ഹിന്ദുവിനെ ചതിക്കരുതെന്നാണ് ആഗ്രഹം. ഞങ്ങൾ ഒരു നിയമം കൊണ്ടുവരും, പക്ഷേ അതൊരിക്കലും മുസ്ലിംകൾക്ക് എതിരായിരിക്കില്ല. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഈ നിയമം തുല്യ ബാധകമായിരിക്കും' -ശർമ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.