ന്യൂഡൽഹി: രാജ്യത്തെ മുസ്‍ലിംകളെ കൂട്ടമായി കൊന്നൊടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹിന്ദു മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ച സേവ് ഇന്ത്യ ഫൗണ്ടേഷൻ (എസ്.ഐ.എഫ്) സ്ഥാപകൻ പ്രീത് സിങും പിതാവും സുഹൃത്തും രണ്ടു വർഷമായി ബലാത്സംഗത്തിനിരയാക്കുന്നുവെന്ന് ഭാര്യയുടെ പരാതി.
അതിക്രമങ്ങൾ സഹിക്കാനാവാതെ വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ വീട്ടിൽ നിന്ന് മകനുമൊത്ത് ഇറങ്ങി വന്നാണ് യുവതി ബീഗംപൂർ സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് പ്രീത് സിങും പിതാവ് സുന്ദർപാലും ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്ക് പുറമെ പ്രതിചേർക്കപ്പെട്ട പ്രീത് സിങിന്റെ സഹോദരൻ യോഗീന്ദറും മാതാവ് ഹേമലതയും മുൻകൂർ ജാമ്യം നേടിയിരിക്കുകയാണിപ്പോൾ.
2009ലാണ് പ്രീത് സിങ് യുവതിയെ വിവാഹം ചെയ്തത്. എട്ടു മാസം ഗർഭിണിയായിരിക്കെ ഭാര്യയെ ഉപേക്ഷിച്ച് വീടുവിട്ടുപോയ പ്രീത് സിങ് പിന്നീട് ഹിന്ദുത്വ-പരിവാർ സംഘടനകളുടെ സജീവ മുഖമായി മാറി. കോവിഡ് ലോക്ഡൗൺ കാലത്ത് വീട്ടിൽ തിരിച്ചെത്തിയ ഇയാൾ ഭാര്യയുമായി ബന്ധം പുനഃസ്ഥാപിച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം സുഹൃത്തിനെയും കൂട്ടി വീട്ടിൽ പതിവായി വരികയും പ്രീത് സിങിന്റെ സാന്നിധ്യത്തിൽ അയാൾ തന്നെ പല തവണ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തതായി യുവതി പരാതിയിൽ ആരോപിക്കുന്നു. ഇക്കാര്യം മനസിലായതോടെ ഭർതൃപിതാവും ഭർതൃസഹോദരനും ലൈംഗിക പീഡനങ്ങൾ ആരംഭിച്ചു.
വിസമ്മതിച്ചാൽ മുറിയിൽ പൂട്ടിയിട്ട് ബെൽട്ടുകൊണ്ട് തല്ലുകയാണ് ഭർതൃസഹോദരൻ യോഗീന്ദറിന്റെ പതിവ്. യുവതിയുടെ ശരീരത്തിലെ മുറിവുകൾ കണ്ട് 11 വയസുള്ള മകൻ കാര്യങ്ങൾ തിരക്കിയപ്പോൾ സംഭവങ്ങൾ പുറത്ത് പറഞ്ഞാൽ അവനെ കൊന്നുകളയുമെന്ന് ഭർതൃമാതാവ് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പരാതി നൽകിയതോടെ പ്രതിയുടെ സുഹൃത്തുക്കൾ കേസ് പിൻവലിക്കാനാവശ്യപ്പെട്ട് നേരിട്ടും ഫോണിലൂടെയും നിരന്തരം ഭീഷണിപ്പെടുത്തുന്നതായും യുവതി പറയുന്നു.
രാജ്യതലസ്ഥാനത്തെ ജന്തർമന്തറിൽ ഒത്തുചേർന്ന് മുസ്‍ലിംകളെ വംശഹത്യ നടത്തണമെന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രീത് സിങ് ഈയിടെ വാർത്തകളിൽ നിറഞ്ഞത്. ഈ കേസിൽ അറസ്റ്റിലായി ജാമ്യം നേടിയ ശേഷം യതിനരസിംഗാനന്ദ്, സുരേഷ് ചാവഗേ തുടങ്ങിയ ഹിന്ദുത്വ നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ മഹാപഞ്ചായത്തിന്റെ ആഹ്വാനവും മുസ്‍ലിം വംശഹത്യയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.