ന്യൂഡൽഹി: 2021 ഡിസംബറിൽ ‘സുദർശൻ ന്യൂസ്’ എഡിറ്റർ സുരേഷ് ചവ്ഹാങ്കെയുടെ നേതൃത്വത്തിൽ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച പരിപാടിയിൽ നടന്ന വിദ്വേഷ പ്രസംഗങ്ങൾ സംബന്ധിച്ച കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ സുപ്രീംകോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു.
അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതികളുടെ ശബ്ദ സാമ്പിളുകളുടെ ഫോറൻസിക് ലാബ് റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്നും ഡൽഹി പൊലീസിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഇതേതുടർന്ന് കേസ് ഏപ്രിൽ ആദ്യവാരം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
കേസിൽ കോടതി നിർദേശമുണ്ടായിട്ടും പൊലീസ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്നതിനാൽ ഉത്തരാഖണ്ഡ് സർക്കാറിനും ഡൽഹി പൊലീസിനുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് തുഷാർ ഗാന്ധി സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ, ഉത്തരാഖണ്ഡ് സർക്കാറിനെ ഹരജിയിൽനിന്ന് ഒഴിവാക്കിയ കോടതി ഡൽഹി സർക്കാറിനോട് നടപടികൾ ത്വരിതപ്പെടുത്താനും സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കാനും ആവശ്യപ്പെടുകയും ചെയ്തു.
2021 ഡിസംബർ 17 മുതൽ 21 വരെ ഹരിദ്വാറിലും 19ന് ഡൽഹിയിലും നടന്ന പരിപാടികളിൽ വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.