നാഗ്പൂരിൽ മുസ്ലിം പള്ളിക്ക് ഉച്ചഭാഷിണി സമ്മാനമായി നൽകി ഹിന്ദു കൂട്ടായ്മ; വിദ്വേഷ പ്രചാരണത്തിനെതിരായ സന്ദേശമെന്ന്

മുംബൈ: മഹാരാഷ്ട്രയിൽ നാഗ്പൂരിലെ കെൽവാഡ് ഗ്രാമത്തിൽ മുസ്ലിം പള്ളിക്ക് ഉച്ചഭാഷിണി സമ്മാനമായി വാങ്ങി നൽകി ഹിന്ദു കൂട്ടായ്മ. ചെറിയ പെരുന്നാൾ ദിനത്തിൽ ഉച്ചഭാഷിണി മേഖലയിലെ പള്ളിക്ക് കൈമാറി. രാജ്യമെമ്പാടും മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണിയുടെ പേരിൽ ഹിന്ദുത്വവാദികൾ വിദ്വേഷപ്രചാരണം തുടരുമ്പോഴാണ് മഹാരാഷ്ട്രയിൽ നിന്നും മതസൗഹാർദത്തിന്‍റെ വ്യത്യസ്തമായ വാർത്ത.

കെൽവാഡ് ഗ്രാമത്തിലെ എല്ലാ ജനങ്ങളിൽ നിന്നും പണം സമാഹരിച്ചാണ് ഉച്ചഭാഷിണി വാങ്ങിയത്. കെൽവാഡ് ഗ്രാമത്തിൽ മുസ്ലിം വിഭാഗക്കാർ ഇല്ലാത്തതിനാൽ ഇവിടെ പള്ളിയും ഇല്ല. ആറ് കിലോമീറ്റർ അകലെ കിനോല ഗ്രാമത്തിലെ പള്ളിയിലേക്കാണ് കെൽവാഡയിലെ ഹിന്ദുക്കൾ ഉച്ചഭാഷിണി വാങ്ങിനൽകിയത്.

മേഖലയിലെ ഒരേയൊരു മുസ്ലിം പള്ളിയാണ് കിനോലയിലേത്. ഇവിടെ നിലവിൽ ഉച്ചഭാഷിണിയുണ്ട്. എന്നാൽ, പെരുന്നാൾ സമ്മാനമായി ഒരു ഉച്ചഭാഷിണി കൂടി സ്വീകരിക്കാൻ പള്ളി അധികൃതരെ കെൽവാഡ് ഗ്രാമവാസികൾ ക്ഷണിക്കുകയായിരുന്നു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരായ പ്രതിഷേധമായാണ് ഉച്ചഭാഷിണി നൽകിയതെന്ന് വില്ലേജ് സമാധാന കമ്മിറ്റി പ്രസിഡന്‍റ് ഉമേഷ് പാട്ടീൽ പറഞ്ഞു. ഉച്ചഭാഷിണിയെ ചൊല്ലി മഹാരാഷ്ട്രയിൽ പൊടുന്നനെ വിദ്വേഷ പ്രചാരണം ആരംഭിച്ചത് വർഗീയ ലഹളക്കുള്ള മുന്നൊരുക്കമായാണ് കരുതുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയുടെ ഗ്രാമമേഖലകളിൽ ഹിന്ദുക്കളും മുസ്ലിംകളും വളരെ സമാധാനപരമായാണ് ഒന്നിച്ചു കഴിയുന്നത്. വിലകുറഞ്ഞ രാഷ്ട്രീയ നേതാക്കൾ ജനങ്ങളെ പ്രകോപിപ്പിച്ച് വർഗീയരാഷ്ട്രീയം കളിക്കുമ്പോൾ ഞങ്ങൾക്ക് അത് അനുവദിച്ചുകൊടുക്കാനാകില്ല -ഉമേഷ് പാട്ടീൽ പറഞ്ഞു.

ഗ്രാമങ്ങളിൽ നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ച് കഴിയുകയാണെന്ന് കെൽവാഡിലെ മുതിർന്ന പൗരനും ഉച്ചഭാഷിണി സമ്മാനമായി നൽകാമെന്ന ആശയത്തിന് തുടക്കമിട്ടയാളുമായ ഗണേഷ് നിഗം പറഞ്ഞു. ഇവിടെ ആർക്കും പരസ്പരം പരാതികളില്ല. തെരഞ്ഞെടുപ്പിന് മുമ്പ് വിഭാഗീതയതയുണ്ടാക്കി നേട്ടം കൊയ്യാനുള്ള വിലകുറഞ്ഞ ശ്രമമാണ് ഇപ്പോൾ രാഷ്ട്രീയനേതാക്കൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പള്ളികളിലെ ഉച്ചഭാഷിണിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ഗ്രാമമേഖലകളിലെ യുവാക്കളോട് കെൽവാഡയിലെ സാമൂഹിക പ്രവർത്തകൻ നന്ദു ബോർബാലെ ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരോ മറ്റ് ഉന്നതരോ അവരുടെ മക്കളെ ഹനുമാൻ കീർത്തനം പാടാനായി പള്ളികളുടെ മുന്നിലേക്ക് വിടുകയില്ല. സാധാരണക്കാരായ യുവാക്കളെയാണ് അയക്കുന്നത്. ഇത്തരം പ്രകോപനങ്ങൾ ഇനിയുണ്ടാകരുത്. പള്ളിക്ക് ഉച്ചഭാഷിണി നൽകിയ നടപടിയിലൂടെ, മതസൗഹാർദം കാത്തുസൂക്ഷിക്കണമെന്നും ഗ്രാമത്തിലെ യുവാക്കൾ പഠനത്തിലും ജോലിയിലും ശ്രദ്ധിക്കണമെന്നുമുള്ള സന്ദേശമാണ് ഞങ്ങൾ നൽകുന്നതെന്നും നന്ദു ബോർബാലെ പറഞ്ഞു. 

Tags:    
News Summary - Hindus in Maha village gift loudspeaker to mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.