മുസ്‌ലിംകളിൽ ഭൂരിഭാഗവും ഹിന്ദുമതത്തിൽ നിന്നും മതം മാറിയവരെന്ന് ഗുലാം നബി; നിലപാട് സ്വാഗതാർഹമെന്ന് ഹിന്ദുത്വ സംഘടനകൾ

ന്യൂഡൽഹി: ഭൂരിഭാഗം മുസ്‌ലിംകളും ഹിന്ദു മതത്തിൽ നിന്നും മതം മാറിയവരാണെന്ന മുൻ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗസീവ് ആസാദ് പാർട്ടി (ഡി.പി.എ.പി) നേതാവുമായ ഗുലാം നബി ആസാദിന്‍റെ പരാമർശത്തെ സ്വാഗതം ചെയ്ത് ഹിന്ദുത്വസംഘടനകൾ. ആസാദിന്‍റെ പരാമർശം ഹിന്ദുത്വ സംഘടനകളുടേതിനോട് ചേർന്ന് നിൽക്കുന്നതാണെന്ന് ബജ്റംഗ്ദൾ ദേശീയ കൺവീനർ നീരജ് ദൗനേരിയ പറഞ്ഞു.

"രാജ്യത്തെ മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും ഹിന്ദുമതത്തിൽ നിന്ന് മാറിയതാണെന്ന് ബജ്റംഗ്ദൾ വളരെ കാലമായി ആവർത്തിക്കുന്നതാണ്. ഗുലാം നബി ആസാദ് നടത്തിയ പരാമർശം ഹിന്ദുത്വ സംഘടനകളുടെ ആശയത്തോടുള്ള അനുകൂല സൂചനയാണ്" - നീരജ് പറഞ്ഞു.

ആസാദിന്‍റെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് വിശ്വ ഹിന്ദു പരിഷതും വ്യക്തമാക്കി. "ഹിന്ദു മതം ഇസ്‍ലാമിനേക്കാൾ പഴക്കമുള്ളതാണെന്നും കശ്മീരി മുസ്‌ലിംങ്ങൾ ഒരിക്കൽ ഹിന്ദുക്കളായിരുന്നുവെന്നുമുള്ള ഗുലാം നബി ആസാദിന്‍റെ പരാമർശത്തെ സ്വാഗതം ചെയ്യുന്നു" എന്നായിരുന്നു വി.എച്ച്.പി ദേശീയ ജനറൽ സെക്രട്ടറി വിനായക് റാവു ദേശ്പാണ്ടെയുടെ പരാമർശം.

രാജ്യത്തെ മുസ്‍ലിംകളിൽ ഭൂരിഭാഗവും ഹിന്ദു മതത്തിൽ നിന്ന് മതം മാറിയവരാണെന്നും അതിന്‍റെ ഉദാഹരണം കശ്മീർ താഴ്വരകളിൽ കാണാമെന്നുമായിരുന്നു ഗുലാം നബി ആസാദിന്‍റെ പരാമർശം.

‘ചില ബി.ജെ.പി നേതാക്കൾ പറയുന്നത് മുസ്‌ലിംകളിൽ കുറച്ച് പേർ പുറത്തുനിന്ന് വന്നവരാണ് എന്നാണ്. ആരും പുറത്തുനിന്നോ അകത്തുനിന്നോ വന്നിട്ടില്ല. ഇസ്‍ലാം മതം രൂപപ്പെട്ടിട്ട് 1500 വർഷം മാത്രമേ ആയിട്ടുള്ളൂ. എന്നാൽ ഹിന്ദുമതം ഏറെ പഴക്കമുള്ളതാണ്. പത്തോ ഇരുപതോ പേർ പുറത്തുനിന്ന് വന്നവരുണ്ടാകാം. ഇന്ത്യയിലെ മറ്റെല്ലാ മുസ്‌ലിംങ്ങളും ഹിന്ദുമതത്തിൽ നിന്നും മതം മാറിയവരാണ്. ഇതിന്‍റെ ഉദാഹരണം കശ്മീർ താഴ്വരകളിൽ തന്നെ കാണാം. 600 വർഷങ്ങൾക്ക് മുമ്പ് കശ്മീരിൽ ആരായിരുന്നു മുസ്‌ലിം? ആരുമുണ്ടായിരുന്നില്ല. എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു.അവരെല്ലാം പിന്നീട് ഇസ്‍ലാമിലേക്ക് മതം മാറിയവരാണ്. എല്ലാവരും ജനിച്ചത് ഹിന്ദുക്കളായാണ്" - ആസാദ് പറഞ്ഞു. ആസാദിന്‍റെ പരാമർശത്തെ അനുകൂലിച്ച് നിരവധി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Hindutva groups welcomes Gulam Nabi Azad's claim on Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.