ന്യൂഡൽഹി: മുസ്ലിംകളെ വംശീയ ഉന്മൂലനം ചെയ്യാൻ ആഹ്വാനംമുഴക്കിയ ഹരിദ്വാറിലെയും ഡൽഹിയിലെയും വിദ്വേഷ മതസഭകളുടെ ചുവടുപിടിച്ച് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സമാന പരിപാടികളുമായി ഹിന്ദുത്വ സംഘടനകൾ.
ഹരിദ്വാർ, ഡൽഹി വിദ്വേഷ സഭകൾക്കെതിരെ കേസെടുക്കാൻ സുപ്രീംകോടതി അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിന് പിന്നാലെ യു.പി ഗാസിയാബാദിൽ ജനുവരി ഒന്നിനും രണ്ടിനും 'ധരം സൻസദ്' നിശ്ചയിച്ച മതസഭ തടയാൻ സാമൂഹിക പ്രവർത്തകർ ജില്ല മജിസ്ട്രേട്ടിന് കത്തയച്ചു.
ഹരിദ്വാറിൽ മുസ്ലിം വംശീയ ഉന്മൂലനത്തിന് ആഹ്വാനംചെയ്ത യതി നരസിംഹാനന്ദ ഗാസിയാബാദിൽ നിശ്ചയിച്ച മത പാർലമെൻറ് തടയണമെന്നാവശ്യപ്പെട്ടാണ് മുൻ ആസൂത്രണ കമീഷൻ അംഗം ഡോ. സയ്യിദ ഹമീദ, പ്രഫസർ രാം പുനിയാനി, ശബ്നം ഹാശ്മി, അഞ്ജലി ഭരദ്വാജ്, മീനാക്ഷി സിങ് സഞ്ജയ് കനോജിയ തുടങ്ങിയവർ ഗാസിയാബാദ് ജില്ല മജിസ്ട്രേട്ടിന് ഇ-മെയിൽ അയച്ചത്. ഹിന്ദുത്വ തീവ്രവാദികൾ നടത്തുന്ന വിദ്വേഷ മത പാർലമെൻറുകൾക്കെതിരെ പ്രതികരിക്കണമെന്ന് കോൺഗ്രസ്, സി.പി.എം, ആർ.ജെ.ഡി, എസ്.പി, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവയോട് ശബ്നം ഹാശ്മി ആവശ്യപ്പെട്ടു.
ഡിസംബർ 17 മുതൽ 19വരെ ഹരിദ്വാറിൽ നടന്ന മൂന്ന് ദിവസത്തെ ധരം സൻസദിൽ മുസ്ലിംകൾക്കെതിരെ നിരവധി വിദ്വേഷ പ്രസംഗങ്ങളാണ് നടന്നത്. ഇതിനെതിരെ ഒരു നടപടിയും എടുക്കാതിരുന്ന ഉത്തരാഖണ്ഡ് പൊലീസ് അന്തർദേശീയ മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തപ്പോഴാണ് അനങ്ങിയത്.
അപ്പോഴും, അടുത്തിടെ ഹിന്ദുമതം സ്വീകരിച്ച് ജിതേന്ദ്ര നാരായൺ ത്യാഗി എന്ന പേര് സ്വീകരിച്ച ശിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്വിക്കെതിരെ മാത്രമാണ് കേസെടുത്തത്. അതും വിവാദമായതിനെ തുടർന്നാണ് ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി ധരംദാസ് മഹാരാജ്, നിരഞ്ജിനി അഖാഡയിലെ പൂജ ശകുന പാണ്ഡെ എന്നിവരെ കൂടി എഫ്.ഐ.ആറിൽ ചേർത്തത്. യതി നരസിംഹാനന്ദ, ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ തുടങ്ങിയ പ്രമുഖർക്കെതിരെ ഇനിയും കേസെടുത്തിട്ടില്ല.
ന്യൂഡൽഹി: മുസ്ലിംകൾക്കെതിരെ വംശീയ ഉന്മൂലന ആഹ്വാനം മുഴക്കിയ ഹരിദ്വാറിലെയും ഡൽഹിയിലെയും വിദ്വേഷ 'മത സഭകൾ'(ധരം സൻസദ്)ക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് 76 സുപ്രീംകോടതി അഭിഭാഷകർ ചീഫ് ജസ്റ്റിസ് എൻ.വി രമണക്ക് കത്തയച്ചു. ഡിസംബർ 17നും 19നുമിടയിൽ ഹരിദ്വാറിൽ യതി നരസിംഹാനന്ദയും ഡൽഹിയിൽ ഹിന്ദു യുവവാഹിനിയും സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികളിലാണ് വംശഹത്യ ആഹ്വാനം ഉണ്ടായത്.
ഈ യോഗങ്ങൾ സംഘടിപ്പിച്ച പ്രമുഖ ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായ, സുദർശൻ ചാനലിെൻറ സുരേഷ് ചവ്ഹാങ്കെ, തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കളായ സാഗർ സിന്ധു മഹാരാജ്, ധരംദാസ് മഹാരാജ്, സാധ്വി അന്നപൂർണ എന്ന പൂജ ശകുൻ പാണ്ഡെ, സ്വാമി ആനന്ദ് സ്വരൂപ്, സ്വാമി പ്രബോധാനന്ദ ഗിരി എന്നിവർക്കെതിരെ കേസെടുക്കണമെന്നും ചീഫ് ജസ്റ്റിസിനോട് അഭിഭാഷകർ ആവശ്യപ്പെട്ടു. മുൻ ഹൈകോടതി ജഡ്ജി കൂടിയായ അഡ്വ. അഞ്ജന പ്രകാശ്, സുപ്രീംകോടതി അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ, സൽമാൻ ഖുർശിദ്, രാജു രാമചന്ദ്രൻ, ഹുസേഫ് അഹ്മദി, സി.യു സിങ്, മീനാക്ഷി അറോറ, ഇജാസ് മഖ്ബുൽ, ഹരിൻ റാവൽ, പി.വി സുരേന്ദ്രനാഥ്, സിദ്ധാർഥ് ദവെ തുടങ്ങി 76 പേരാണ് കത്തിൽ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.