കേന്ദ്ര സർക്കാർ ജോലികൾക്കുള്ള മത്സര പരീക്ഷകൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്താനാകില്ല- സിദ്ധരാമയ്യ

ബംഗളൂരു: കേന്ദ്ര സർക്കാർ ജോലികൾക്കുള്ള മത്സര പരീക്ഷകൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്താനാകില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മത്സര പരീക്ഷകൾ കന്നടയിലും എഴുതാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. 68-ാമത് കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് കണ്ഠീരവ സ്റ്റേഡിയത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷകളുടെ ഭാഷാ മാധ്യമം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് കേന്ദ്രസർക്കാർ പരീക്ഷ നടത്തുന്നതെന്ന് ശിവാജി നഗർ എം.എൽ.എ റിസ്വാൻ അർഷാദ് പറഞ്ഞത് ശരിയാണെന്നും അതിനെ എതിർക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം പരീക്ഷകൾ നടത്തിയാൽ പോര. നമ്മുടെ കുട്ടികൾക്ക് അവർക്കറിയാവുന്ന ഭാഷയിൽ പരീക്ഷ എഴുതാൻ കഴിയണം. അതിനാൽ പരീക്ഷകളുടെ ഭാഷാ രീതിയിൽ ഒരു പുനർവിചിന്തനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടും"- സിദ്ധരാമയ്യ പറഞ്ഞു.

പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്നവർ മാത്രമാണ് കഴിവുള്ളവരെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടെന്നതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. കന്നഡ മീഡിയത്തിൽ പഠിച്ച നിരവധി പ്രഗത്ഭരായ ശാസ്ത്രജ്ഞരെ സംസ്ഥാനം സൃഷ്ടിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

സർക്കാർ സ്കൂളുകൾ നവീകരിക്കേണ്ടതിന്‍റെയും വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതിന്‍റെയും അവ‍ശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സർക്കാർ സ്‌കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ബുധനാഴ്ച മുതൽ സൗജന്യ വൈദ്യുതിയും വെള്ളവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Tags:    
News Summary - Hold competitive exams in Kannada as well: CM Siddaramaiah to Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.