ന്യൂഡൽഹി: കോവിഡിന്റെ ജെ.എൻ.1 വകഭേദം പടർന്നാൽ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുമെന്ന് ലോകാരോഗ്യ സംഘടനുടെ മുൻ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ. കോവിഡിനെ സാധാരണ ജലദോഷമായി മാത്രം കണ്ട് അവഗണിക്കാനാവില്ലെന്നും അവർ പറഞ്ഞു. കോവിഡ് ദീർഘകാല ആരോഗ്യ പ്രശ്നങ്ങളുണ്ടക്കും. ഹൃദയാഘാതത്തിനും സ്ട്രോക്കിനും മാനസിക പ്രശ്നങ്ങൾക്കും വരെ കോവിഡ് കാരണമായേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
അതേസമയം, വാക്സിൻ സ്വീകരിച്ചവരുടെ നിരക്ക് ഇന്ത്യയിൽ ഉയർന്നതായതിനാൽ കോവിഡിന്റെ ഭീഷണിയെ രാജ്യത്തിന് അതിജീവിക്കാനാകുമെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം. കോവിഡ് കേസുകൾ ഉയർന്നാലും അതിനെ നേരിടാൻ രാജ്യം സജ്ജമാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 2021ൽ കോവിഡിന്റെ അപകടകരമായ ഡെൽറ്റ വകഭേദത്തെ നേരിട്ട പരിചയസമ്പത്ത് ഇന്ത്യക്കുണ്ടെന്നും സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു.
കോവിഡ് കേസുകൾ വർധിക്കുന്നതിലും പുതിയ വകഭേദമായ ജെ.എൻ.1 കണ്ടെത്തിയതിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും എന്നാൽ, മുൻകരുതൽ നടപടികളിൽ ഒരു വീഴ്ചയും പാടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. ആരോഗ്യ മേഖല രാഷ്ട്രീയം കളിക്കാനുള്ളതല്ലെന്നും സംസ്ഥാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ കേന്ദ്രം തയാറാണെന്നും മൻസൂഖ് മാണ്ഡവ്യ യോഗത്തിൽ വ്യക്തമാക്കി.
മുഴുവൻ സർക്കാർ സംവിധാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മാണ്ഡവ്യ പറഞ്ഞു. എല്ലാ ആശുപത്രികളോടും മൂന്ന് മാസത്തിലൊരിക്കൽ മോക് ഡ്രിൽ നടത്തണം. ശൈത്യകാലവും വരാനിരിക്കുന്ന ഉത്സവകാലവും കണക്കിലെടുത്ത് സംസ്ഥാനങ്ങൾ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.