ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ യുവാവിന്‍റെ അനധികൃതമായി നിർമിച്ച വീട് നാളെ പൊളിക്കും. ബലാത്സംഗത്തിനിരയായ 15 വയസ്സുള്ള പെൺകുട്ടി അർധനഗ്നയായി സഹായത്തിനായി വീടുവീടാന്തരം കയറിയിറങ്ങിയ വിഡിയോ പുറത്തുവന്നതോടെ സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഭരത് സോണിയെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 700ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നീണ്ട അന്വേഷണത്തിനൊടുവിലാണ് ഭരത് പിടിയിലായത്. ഇയാളുടെ കുടുംബം സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച വീട്ടിലാണ് വർഷങ്ങളായി താമസിക്കുന്നതെന്ന് ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചിരുന്നു. മധ്യപ്രദേശ് പൊലീസുമായി സഹകരിച്ച് മുനിസിപ്പൽ അധികൃതർ നാളെ വീട് പൊളിക്കാനുള്ള നടപടിയെടുക്കും.
ഭരത് സോണി കുറ്റക്കാരനാണെങ്കിൽ തൂക്കിക്കൊല്ലണമെന്ന് കഴിഞ്ഞ ദിവസം പിതാവ് രാജു സോണി പറഞ്ഞിരുന്നു. 'ഇത് ഏറ്റവും നാണംകെട്ട പ്രവൃത്തിയാണ്. ഞാൻ അവനെ കാണാൻ ആശുപത്രിയിൽ പോയിട്ടില്ല. പൊലീസ് സ്റ്റേഷനിലോ കോടതിയിലോ പോകില്ല. എന്‍റെ മകനാണ് കുറ്റം ചെയ്തതെങ്കിൽ അവനെ തൂക്കിക്കൊല്ലണം' - രാജു സോണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ജീവിക്കാൻ അർഹരല്ല. അത് എന്‍റെ മകനായാലും മറ്റാരായാലും. അത്തരം കുറ്റകൃത്യം ചെയ്യുന്ന ആളുകളെ തൂക്കിലേറ്റുകയോ വെടിവയ്ക്കുകയോ ചെയ്യണം' -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.