ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ എങ്ങനെ നിയമിക്കണം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആർട്ടിക്കിൾ 124(1) പ്രകാരം 'ഇന്ത്യയിൽ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഒരു സുപ്രീം കോടതിയുണ്ടാകും'. എന്നാൽ ഒരു സി.ജെ.ഐയെ നിയമിക്കുന്നതിനുള്ള മാനദണ്ഡത്തെക്കുറിച്ചോ നടപടിക്രമത്തെക്കുറിച്ചോ പറയുന്നില്ല. ഇതു സംബന്ധിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ഏക ആർട്ടിക്കിളാണ് 126. ഇതൊരു ആക്ടിങ് സി.ജെ.ഐയുടെ നിയമനവുമായി ബന്ധപ്പെട്ടതാണ്.
നിലവിലുള്ള സി.ജെ.ഐ വിരമിക്കുമ്പോൾ ശേഷിക്കുന്നവരിൽ ഏറ്റവും മുതിർന്ന ജഡ്ജിയാണ് അടുത്ത സി.ജെ.ഐ ആകുന്നത്. പ്രായത്തിന്‍റെ അടിസ്ഥാനത്തിലല്ല മറിച്ച് സുപ്രീംകോടതിയിൽ സേവനമനുഷ്ഠിക്കാൻ ഒരു ജഡ്ജിയെ എപ്പോൾ നിയമിച്ചു എന്നതിനെ ആശ്രയിച്ചാണ് സീനിയോരിറ്റി കണക്കിലാക്കുന്നത്.
ഉദാഹരണത്തിന് രണ്ട് ജഡ്ജിമാരുണ്ടെന്ന് സങ്കൽപ്പിക്കുക. അതിൽ ഒരാൾക്ക് 63 വയസും സുപ്രീം കോടതിയിൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയവും. മറ്റേയാൾക്ക് 62 വയസും ആറ് വർഷത്തെ പ്രവൃത്തി പരിചയവും. ഇവരിൽ 62 വയസുള്ള വ്യക്തിയെ 'സീനിയർ' ആക്കുകയും സി.ജെ.ഐയായി നിയമിക്കുകയും ചെയ്യുന്നു.
എന്നാൽ ഒരേ ദിവസം രണ്ട് ജഡ്ജിമാരെ സുപ്രീം കോടതിയിൽ നിയമിച്ചാൽ താഴെ പറയുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിലാകും സീനിയോറിറ്റി നിശ്ചയിക്കുന്നത്.
1. ഏത് ജഡ്ജിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്
2. ഏത് ജഡ്ജിയാണ് കൂടുതൽ വർഷം ഹൈക്കോടതിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ളത് അവരിൽ തന്നെ ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിൽ, ജഡ്ജിയായി പരിചയമുള്ള വ്യക്തിക്ക് മുൻഗണന നൽകുന്നത്.
സീനിയോരിറ്റി കൺവൻഷൻ എങ്ങനെ നടത്തണമെന്ന് സർക്കാരും ജുഡീഷ്യറിയും തമ്മിലുള്ള മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യറിൽ (എം.ഒ.പി) പ്രതിപാദിച്ചിട്ടുണ്ട്.
അടുത്ത ചീഫ് ജസ്റ്റിസ് ആരാകണമെന്ന കാര്യത്തിൽ കേന്ദ്ര നിയമ-നീതിന്യായ മന്ത്രി സ്ഥാനമൊഴിയുന്ന സി.ജെ.ഐയോട് ശിപാർശ തേടും. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി ആ പദവി വഹിക്കാൻ യോഗ്യനാണെന്ന് ചീഫ് ജസ്റ്റിസ് ശിപാർശ ചെയ്യണം. ഇതു സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ മറ്റൊരു ജഡ്ജിയെ ശിപാർശ ചെയ്യാൻ ചീഫ് ജസ്റ്റിസ് കൊളീജിയവുമായി കൂടിയാലോചിക്കണം. ഒടുവിൽ ശിപാർശ ലഭിച്ച ശേഷം നിയമമന്ത്രി പ്രധാനമന്ത്രിക്ക് ഇത് കൈമാറും. തുടർന്ന് അദ്ദേഹം രാഷ്ട്രപതിയോട് ശിപാർശയെക്കുറിച്ച് ഉപദേശിക്കും. ശേഷം പുതിയ സി.ജെ.ഐക്ക് രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.