കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇപ്പോൾ മാപ്പുകാലമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കാടിളക്കിയ പ്രചാരണം കണ്ട് തൃണമൂൽവിട്ട് ബി.ജെ.പിയിൽ ചേർന്നവരാണ് ഇപ്പോൾ തിരിച്ചെടുക്കണമെന്ന അപേക്ഷയുമായി സംസ്ഥാനത്തുടനീളമുള്ള തൃണമൂൽ ഓഫിസുകളിലെത്തി മാപ്പിരക്കുന്നത്. മുൻ എം.പിമാർ, എം.എൽ.എമാർ മുതൽ താഴെക്കിടയിലുള്ള പ്രവർത്തകർ വരെ ഈ ലിസ്റ്റിലുണ്ട്. എന്നാൽ, ഒരുമാപ്പുപറച്ചിൽ കൊണ്ടൊന്നും തീരുന്നതല്ല ഇവർ ചെയ്ത തെറ്റ് എന്ന നിലപാടിലാണ് തൃണമൂലിന്‍റെ ലോക്കൽ ഭാരവാഹികളും പ്രവർത്തകരും. ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്ത് തിരിച്ചുവരാൻ ചില കടമ്പകൾ കടക്കണമെന്നാണ് അവരുടെ ആവശ്യം.
ഇതിന്‍റെ ഭാഗമായാണ് ജൂൺ 19ന് ബിർഭൂമിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക ഓഫിസിന് സമീപം നടന്ന ചടങ്ങ്. 'ഞങ്ങൾക്ക് മാപ്പ് നൽകണം', 'ബി.ജെ.പിയിൽ ചേർന്നത് ഒരു മണ്ടത്തരമായിരുന്നു', 'ബി.ജെ.പി സ്വേച്ഛാധിപതികളുടെ പാർട്ടിയാണ്, ദയവായി ഞങ്ങളോട് ക്ഷമിച്ച് ഞങ്ങളെ തിരികെ കൊണ്ടുപോകുക' എന്നിങ്ങനെ മാപ്പെഴുതിയ പോസ്റ്ററുകൾ പിടിച്ച് 300ഓളം ബി.ജെ.പി പ്രവർത്തകർ അവിടെ വരിനിന്നു. തുടർന്ന്, സ്ഥലത്തെ തൃണമൂൽ നേതാക്കളെത്തി ഇവരെ ഗംഗാജലം തളിച്ച് തൃണമൂലിൽ അംഗത്വം നൽകി തിരിച്ചെടുത്തു.
ചില സ്ഥലങ്ങളിൽ തല മൊട്ടയടിച്ചും അണുനശീകരണി തളിച്ചുമൊക്കെയാണ് ചടങ്ങ് കൊഴുപ്പിക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന റിക്ഷകളിൽ നാടുചുറ്റി, മുച്ലേക്ക എന്നറിയപ്പെടുന്ന പരസ്യമായ മാപ്പുചോദിക്കലും നടക്കുന്നുണ്ട്. അതേസമയം, തൃണമൂൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയോ ജില്ല കമ്മറ്റിയോ ഇത്തരം ചടങ്ങ് സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു. തങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ വ്യക്തമാക്കി.
പ്രാദേശിക തൃണമൂൽ യൂനിറ്റുകൾ, പ്രത്യേകിച്ച് ബിർഭൂം ജില്ലയിലെ ഘടകങ്ങളാണ് തിരിച്ചെടുക്കൽ ചടങ്ങ് പൊടിപൊടിക്കുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുനിലയിൽ ബി.െജ.പി വൻമുന്നേറ്റമുണ്ടാക്കിയ ജില്ലയാണിത്. ജില്ലയിലെ രണ്ട് പാർലമെന്റ് സീറ്റുകളിലൊന്നിലും വിജയിച്ചില്ലെങ്കിലും വോട്ടുനിലയിൽ 11 നിയമസഭ മണ്ഡലങ്ങളിൽ അഞ്ചിലും ലീഡ് നേടിയിരുന്നു. ഈ മുന്നേറ്റത്തിൽ കണ്ണുമഞ്ഞളിച്ച് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ നിരവധിപേരാണ് തൃണമൂൽ വിട്ട് സംഘ് പാളയത്തിലെത്തിയത്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി എട്ടുനിലയിൽ പൊട്ടി. 11 മണ്ഡലങ്ങളിൽ 10ലും തൃണമൂൽ വെന്നിക്കൊടി പാറിച്ചു. ഇതോടെയാണ് പാർട്ടി വിട്ടവർ തിരിച്ചുവരവ് തുടങ്ങിയത്.
ബി.ജെ.പിയിൽ ചേർന്നത് തങ്ങൾക്ക് സംഭവിച്ച വീഴ്ചയാണെന്ന് തിരിച്ചറിഞ്ഞ് ബിർഭൂമിൽ മാത്രം 25,000 പേർ പാർട്ടിയിൽ തിരിച്ചുവന്നതായി മുതിർന്ന തൃണമൂൽ നേതാവും ജില്ല പ്രസിഡന്‍റുമായ അനുബ്രത മൊണ്ടാൽ 'ദി പ്രിന്‍റി'നോട് പറഞ്ഞു. മാപ്പുചടങ്ങുമായി തൃണമൂൽ നേതൃത്വത്തിന് ബന്ധമില്ലെന്നും തങ്ങളെ ആക്രമിക്കുന്ന പാർട്ടിയിൽനിന്ന് മടങ്ങിവരുന്നവർ ചില കാര്യങ്ങൾ ചെയ്യണമെന്ന് ഗ്രാമവാസികളാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഗ്രാമീണർ അവരെ പ്രായശ്ചിത്തം ചെയ്യിക്കുന്നു, ഇത് സ്വഭാവികമാണ്' -ബർദമാനിലെ മംഗൽകോട്ട്, കേതുഗ്രാം, ആയുഷ് ഗ്രാം എന്നീ മേഖലകളുടെ ചുമതല വഹിക്കുന്ന മൊണ്ടാൽ പറഞ്ഞു.
അത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന് ജില്ല കമ്മറ്റികൾക്കോ ബ്ലോക്ക് നേതൃത്വത്തിനോ നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് സംസ്ഥാന നേതാക്കൾ പറഞ്ഞു. 'ഞങ്ങൾ ആരോടും പ്രതികാരം ചെയ്യുന്ന പാർട്ടിയല്ല. സഹിഷ്ണുത കാണിക്കാനും ദയ കാണിക്കാനുമാണ് പാർട്ടിക്ക് ലഭിച്ച വിജയത്തിന്‍റെ പശ്ചാത്തലത്തിൽ അണികളോട് ആവശ്യപ്പെട്ടത്" -തൃണമൂൽ എംപി സുഖേന്ദു ശേഖർ റോയ് പറഞ്ഞു.
ബി.ജെ.പിയിൽ പോയി തിരിച്ചുവരുന്നവർ പരസ്യമാപ്പ് പറയാൻ തുടങ്ങിയിട്ട് ഏതാണ്ട് ഒരുമാസമായി. ജൂൺ 8 നാണ് ഇത്തരത്തിലുള്ള ആദ്യസംഭവം. ബിർഭൂമിലെ ഒരു കൂട്ടം ബി.ജെ.പി പ്രവർത്തകർ റിക്ഷയിൽ തങ്ങളുടെ പഞ്ചായത്ത് പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങിയാണ് മാപ്പ് ചോദിച്ചത്. 'വ്യാജപ്രചാരണങ്ങളിൽ കുടുങ്ങിയാണ് തങ്ങൾ പാർട്ടിവിട്ടത്. തങ്ങൾക്ക് തെറ്റുപറ്റി. മാപ്പുനൽകണം'' എന്നായിരുന്നു ഇവരുടെ അഭ്യർഥന. ബിജെപി പതാക വാഹനത്തിൽ തൂക്കിയായിരുന്നു പര്യടനം. അതിനുശേഷം ജില്ലയിലെ ഗ്രാമങ്ങളിൽ ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂൺ 24 ന് ബിർഭൂമിലെ ഇല്ലംബസാറിൽ 150 ഓളം ബിജെപി പ്രവർത്തകരാണ് തൃണമൂലിൽ ചേർന്നത്. ഇവരെ അണുനാശിനി തളിച്ച് 'ശുദ്ധീകരിച്ചു'. ജൂൺ 19 ന് ബിർഭുമിലെ തന്നെ സൈന്യയിൽ 300 ഓളം പ്രവർത്തകർക്ക് "ശുദ്ധീകരണ ക്യാമ്പ്' നടത്തി.
"പാർട്ടിയിലേക്ക് വരുന്നവർ സ്വമേധയാ ചെയ്തതാണിത്. അവർ ചെയ്ത തെറ്റിന് അവർ അനുതപിക്കുന്നു. ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടില്ല" -മൊണ്ടാൽ പറഞ്ഞു. "പലയിടത്തും അവർ പരസ്യമായി മാപ്പ് എഴുതി ഞങ്ങളോടൊപ്പം ചേരുന്നു. പാർട്ടിയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന നേതാക്കളിൽനിന്നും തൊഴിലാളികളിൽനിന്നും എനിക്ക് ഇപ്പോഴും നൂറുകണക്കിന് കോളുകൾ ലഭിക്കുന്നു" -അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൂഗ്ലിയിലെ ഖനാകൂലിൽ ജൂൺ 22 ന് 200 ഓളം ബിജെപി പ്രവർത്തകർ തൃണമൂലിൽ ചേർന്നു. അതിൽ അരഡസനോളം പേർ തല മൊട്ടയടിച്ച് പ്രായശ്ചിത്തം ചെയ്തു. "ഇത് ഔദ്യോഗിക പരിപാടിയല്ല. ഗ്രാമങ്ങളിൽ അങ്ങനെ പലരും പലതും ചെയ്യുന്നു. ഇവയ്‌ക്കെല്ലാം നമ്മൾ എങ്ങനെയാണ് ഉത്തരവാദികളാവുക?' -ചടങ്ങിനെക്കുറിച്ച് ചോദിച്ചപ്പോൾ തൃണമൂൽ ഹൂഗ്ലി ജില്ലാ പ്രസിഡന്‍റ് ദിലീപ് ജാദവിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.
''മറ്റുപാർട്ടികളിൽ നിന്നും ആളുകളെ ഉൾപ്പെടുത്തുന്നതിന് ഞങ്ങൾക്ക് കർശനമായ പ്രക്രിയയുണ്ട്. അവരുടെ പട്ടിക തയ്യാറാക്കി സംസ്ഥാന കമ്മിറ്റിക്ക് അയക്കണം. നേതാക്കൾ ആ പട്ടിക പരിശോധിച്ച് അംഗീകരിച്ചശേഷം മാത്രമേ അംഗത്വം നൽകാൻ കഴിയൂ" -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.