ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യ ഭരണകൂടം സ്പോൺസർ ചെയ്തതാണെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീംകോടതി. വംശഹത്യയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഗുൽബർഗ് സൊസൈറ്റിയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ വിധവ സകിയ ജാഫരി സമർപ്പിച്ച ഹരജിയിൽ എസ്.െഎ.ടി (പ്രത്യേക അന്വേഷണ സംഘം)യുടെ വാദം കേൾക്കുന്നതിനിടയിലാണ് സുപ്രീംകോടതി ഇൗ നിരീക്ഷണം നടത്തിയത്. ഗുജറാത്ത് കലാപത്തിനു പിന്നിൽ വലിയ ഗൂഢാലോചനയില്ലെന്ന് പ്രത്യേക അന്വേഷണസംഘത്തിനുവേണ്ടി മുൻ അറ്റോണി ജനറൽ മുകുൾ രോഹതഗി സുപ്രീംകോടതിയിൽ വാദിച്ചു.
വിഷയം അനന്തമായി നീട്ടിക്കൊണ്ടുപോകേണ്ട കാര്യമില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും രോഹതഗി ആവശ്യപ്പെട്ടു. സമഗ്രമായ അന്വേഷണം നടത്തിയശേഷമാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട എല്ലാ േകസുകളിലും സൂപ്പർപൊലീസ് ആകുകയായിരുന്നില്ല എസ്.െഎ.ടിയുടെ പണിയെന്ന് രോഹതഗി ബോധിപ്പിച്ചു. ആളുകളെ പ്രോസിക്യൂട്ട് ചെയ്യുകയെന്ന പ്രവൃത്തി എസ്.െഎ.ടി ചെയ്തിട്ടുണ്ടെന്നും രോഹതഗി വാദിച്ചു. വംശഹത്യയിലെ ഒമ്പതു കേസുകൾ അന്വേഷിക്കാനായിരുന്നു എസ്.െഎ.ടി ചുമതല.
അവയെ യുക്തിപരമായ തീർപ്പിലെത്തിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എസ്.െഎ.ടിയുടെ വാദം വ്യാഴാഴ്ച അവസാനിക്കുമെന്നും രോഹതഗി വ്യക്തമാക്കി. 2002 ഫെബ്രുവരിയിൽ ഗുൽബർഗ് സൊസൈറ്റിയിലുണ്ടായ കലാപത്തിൽ ഇഹ്സാൻ ജാഫരി അടക്കം 68 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കം 64 പേർക്ക് ക്ലീൻചിറ്റ് നൽകിയ നടപടിക്കെതിരെയാണ് സകിയ ജാഫരി സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.