റഷ്യയുടെ സ്പുട്‌നിക്-5 വാക്‌സി​െൻറ മനുഷ്യ പരീക്ഷണം ഇന്ത്യയിൽ; അടുത്തയാഴ്ച എത്തും

ന്യൂഡൽഹി: റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക്-5 വാക്‌സിൻ അടുത്തയാഴ്ച ഇന്ത്യയിലെത്തും. മനുഷ്യരിൽ നടത്തുന്ന രണ്ടാംഘട്ട, മൂന്നാംഘട്ട പരീക്ഷണങ്ങൾക്ക് വേണ്ടിയാണിത്. കാൺപുരിലെ ഗണേശ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജിലാണ് വാക്സിൻ എത്തുന്നത്.

ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് വാക്സിൻ പരീക്ഷണത്തിനുള്ള അനുമതി ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) അനുമതി ലഭിച്ച സാഹചര്യത്തിലാണിതെന്ന് ഗണേശ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആർ.ബി. കമൽ പറഞ്ഞു. അടുത്തയാഴ്ച മനുഷ്യരിൽ പരീക്ഷണം ആരംഭിക്കും. 180 സന്നദ്ധ പ്രവർത്തകർ ഇതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നൽകേണ്ട വാക്സിൻ്റെ അളവ് ഗവേഷണ മേധാവി സൗരഭ് അഗർവാൾ നിശ്ചയിക്കും. ഒരു ഡോസ് നൽകി നിരീക്ഷിച്ച ശേഷം കൂടുതൽ ഡോസ് നൽകുന്ന കാര്യം തീരുമാനിക്കും. 21 ദിവസത്തെ ഇടവേളയിൽ രണ്ടോ മൂന്നോ തവണ നൽകും. പാർശ്വഫലമുണ്ടോയെന്ന് ഏഴ് മാസം നിരീക്ഷിക്കും. മൈനസ് 20 മുതൽ മൈനസ് 70 ഡിഗ്രി സേൽഷ്യസിലാണ് വാക്സിൻ സൂക്ഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സ്പുട്നിക് വാക്സിൻ രാജ്യാന്തര വിപണയിൽ എത്തിക്കുന്നതിന് പിന്തുണ നൽകുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ്​ ഫണ്ട് (ആർ.ഡി.ഐ.എഫ്) വാക്സിൻ്റെ ഇന്ത്യയിലെ പരീക്ഷണങ്ങളും വിതരണവും സംബന്ധിച്ച് ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സെപ്റ്റംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. 100 മില്യൺ ഡോസാണ് റഷ്യ ഇന്ത്യക്ക് നൽകുക.

സ്പുട്നിക്-5 വാക്സിൻ 92 ശതമാനം ഫലപ്രദമെന്നാണ് റഷ്യ അവകാശപ്പെടുന്നത്. നിലവിൽ സ്പുട്നിക് വാക്സി​െൻറ മൂന്നാംഘട്ട പരീക്ഷണങ്ങൾ ബെലാറസ്, യു.എ.ഇ., വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ പുരോഗമിക്കുന്നുണ്ട്.

ആഗസ്റ്റിൽ റഷ്യ രജിസ്റ്റർ ചെയ്ത സ്പുട്നിക്-5 വാക്സിന് രണ്ട് ഡോസാണുള്ളത്. പരീക്ഷണത്തി​െൻറ ഭാഗമായി ഈ രണ്ട് ഡോസുകളും സ്വീകരിച്ച 16,000 പേരിൽനിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയാണ് 92 ശതമാനം വിജയമാണെന്ന നിഗമനത്തിൽ എത്തിയതെന്ന് ആർ.ഡി.ഐ.എഫ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.