ചെന്നൈ: മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മകളെ രക്ഷപ്പെടുത്താനും സ്വയം പ്രതിരോധത്തിനും നടത്തിയ കുറ്റകൃത്യമായതിനാൽ അറസ്റ്റിലായ 41കാരിയായ മലയാളി വീട്ടമ്മയെ പൊലീസ് കേസെടുത്തശേഷം വിട്ടയച്ചു. ചെന്നൈ ഒട്ടേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സ്വകാര്യ കമ്പനി ജീവനക്കാരാണ് ദമ്പതികൾ. ഭർത്താവ് മദ്യപിച്ചെത്തി വഴക്കിടുക പതിവായിരുന്നു. ഇവർക്ക് 20 വയസ്സായ മകളും ആറാം ക്ലാസിൽ പഠിക്കുന്ന മകനുമുണ്ട്. കഴിഞ്ഞ ദിവസം അർധരാത്രി പെൺകുട്ടിയുടെ നിലവിളി കേട്ട് അമ്മയും മകനും ഉണർന്നപ്പോഴാണ് മദ്യലഹരിയിലായിരുന്ന ഭർത്താവ് മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നത് കണ്ടത്. പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇവരെ പിടിച്ച് തള്ളിയിട്ടു. തുടർന്ന് കൈയിൽ കിട്ടിയ ചുറ്റികയെടുത്ത് യുവതി ഭർത്താവിന്റെ തലക്കടിക്കുകയായിരുന്നു. ഉടൻ മരണവും സംഭവിച്ചു.
പിന്നീട് ചുറ്റികയുമായി സ്ത്രീ ഒട്ടേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഐ.പി.സി 302 പ്രകാരം ഇവരെ പ്രതി ചേർത്തെങ്കിലും മകളെ രക്ഷിക്കാനും സ്വയം പ്രതിരോധത്തിനുമായി നടത്തിയ കുറ്റകൃത്യമായതിനാൽ മൊഴി രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. ഇതിനാവശ്യമായ സാക്ഷി മൊഴികളും തെളിവുകളും പൊലീസ് ശേഖരിച്ചു. കേസ് റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽനിന്ന് ചെന്നൈ ഒട്ടേരിയിൽ കുടിയേറിയവരാണ് ഇവരുടെ കുടുംബക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.