ഹൈദരാബാദ്: നഗരത്തിൽ രണ്ടിടത്ത് നബിദിന ഘോഷയാത്രക്കിടെ ‘ജയ് ശ്രീരാം’ മുഴക്കി പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. ഞായറാഴ്ച സിയാഗുഡയിലും ഹുസൈനിആലമിലും നടന്ന ഘോഷയാത്രകൾക്കിടെയുണ്ടായ സംഭവങ്ങളിൽ പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സിയാഗുഡയിൽ നബിദിന പരിപാടിക്കിടെ മനഃപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചതിന് നിരവധി യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ടാസ്ക് ഫോഴ്സും കുൽസുംപുര പൊലീസും ചേർന്ന് യുവാക്കളുടെ വീടുകൾ റെയ്ഡ് ചെയ്താണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവങ്ങളുടെ വിഡിയോ ദൃശ്യം പരിശോധിച്ച കുൽസുംപുര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രശ്നമുണ്ടാക്കാൻ ശ്രമിച്ച ആറുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിയാഗുഡയിൽ നബിദിന ഘോഷയാത്ര നടക്കുന്നതിനിടെ ഒരു സംഘം പ്രകോപനം സൃഷ്ടിക്കാൻ രംഗത്തെത്തുകയായിരുന്നു. നബിദിന ഘോഷയാത്രയിൽ ബൈക്ക് റാലി നടത്തുകയായിരുന്ന യുവാക്കൾ കുൽസുംപുര റോഡിലെത്തിയപ്പോൾ സ്ഥലത്ത് സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകൾ ‘ജയ് ശ്രീരാം’ മുദ്രാവാക്യം മുഴക്കി. കൈയിൽ കാവിക്കൊടികളേന്തിയ സംഘം ഏറെസമയം പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യങ്ങളുയർത്തിയെങ്കിലും, നബിദിന ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയവർ സംയമനം പാലിച്ചത് അനിഷ്ട സംഭവങ്ങളൊഴിവാക്കി.
ഹുസൈനിആലമിൽ നബിദിന ഘോഷയാത്രക്കിടെ ഗോല്ല ഖിദ്ഖിയിൽ ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന പൂച്ചട്ടിക്ക് നബിദിന ഘോഷയാത്രയിൽ പങ്കെടുത്തവർ കേടുപാടു വരുത്തിയതായി മറുവിഭാഗം ആരോപിച്ചു. പൊലീസ് മതിയായ സുരക്ഷ നൽകാത്തതാണ് സംഭവത്തിന് വഴിയൊരുക്കിയതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.