ഹൈദരാബാദ്: ബി.ആർ.എസ് ജനറൽ സെക്രട്ടറി കെ. കേശവ റാവു എം.പിയുടെ മകളും ഹൈദരാബാദ് മേയറുമായ ഗഡ്വാൾ വിജയലക്ഷ്മി കോൺഗ്രസിൽ ചേർന്നു. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെയും സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിജയലക്ഷ്മിയുടെ കോൺഗ്രസ് പ്രവേശം.
പിതാവ് കേശവ റാവുവും കോൺഗ്രസിൽ ചേരും. അഞ്ച് പതിറ്റാണ്ടുമുമ്പ് കോൺഗ്രസിൽ പ്രവർത്തിച്ചുതുടങ്ങിയ താൻ ഒരു നീണ്ട യാത്രക്കുശേഷം വീട്ടിലേക്ക് മടങ്ങുന്ന ഒരു തീർഥാടകനെപ്പോലെയാണെന്ന് റാവു പറഞ്ഞു. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായും റാവു കൂടിക്കാഴ്ച നടത്തിയിരുന്നു. കെ.കെ എന്നറിയപ്പെടുന്ന കെ. കേശവ റാവു 2005ൽ ആന്ധ്രപ്രദേശ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്നു.
കോൺഗ്രസ് പ്രവർത്തക സമിതി അംഗമായും പ്രവർത്തിച്ചു. നിരവധി കോൺഗ്രസ് സർക്കാറുകളിൽ മന്ത്രിയായിരുന്ന ഇദ്ദേഹം 2013ൽ തെലങ്കാന പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് വിട്ട് ടി.ആർ.എസിൽ ചേക്കേറിയത്. രാജ്യസഭാംഗത്വം രാജിവെക്കാനും കോൺഗ്രസ് വീണ്ടും അവസരം നൽകിയാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനും കേശവ റാവു ആഗ്രഹം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.