മാധ്യമപ്രവർത്തനത്തിൽ ഉത്തരവാദിത്തം കാട്ടണം; അർണബിനോട് സുപ്രീംകോടതി

ന്യൂഡൽഹി: മാധ്യമപ്രവർത്തനത്തിൽ ഉത്തരവാദിത്തം കാട്ടണമെന്നും ഈ നിലയിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയോട് സുപ്രീംകോടതി. അർണബിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ സസ്പെൻഡ് ചെയ്ത ബോംബെ ഹൈകോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അർണബിനെ വിമർശിച്ചത്.

'തുറന്നുപറയാം, എനിക്കിതിനോടൊപ്പം നിൽക്കാനാകില്ല. മാധ്യമപ്രവര്‍ത്തനത്തില്‍ ഉത്തരവാദിത്വം കാണിക്കണം. ഇത്തരമൊരു പൊതുവ്യവഹാരമല്ല നമുക്ക് വേണ്ടത്. സമൂഹത്തിലെ ഐക്യവും സമാധാനവുമാണ് ഏറ്റവും പ്രധാനം. ആരും ചോദ്യംചെയ്യപ്പെടലിന് അതീതരല്ല', ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു.

പാല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ടുള‌ള ചാനൽ ചർച്ചയിൽ വര്‍ഗീയ വിദ്വേഷമുണ്ടാക്കാനും സോണിയ ഗാന്ധിയെ അപമാനിക്കാനും ശ്രമിച്ചെന്ന കേസിൽ അർണബിനെതിരെ ഫയൽ ചെയ്ത എഫ്.ഐ.ആറുകൾ ബോംബെ ഹൈകോടതി കഴിഞ്ഞ ജൂണിൽ സസ്പെൻഡ് ചെയ്തിരുന്നു. അർണബിനെതിരെ പ്രഥമദൃഷ്ട്യാ കേസില്ലെന്നും പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ കേസിൽ തുടർനടപടികളുണ്ടാവരുതെന്നും അന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയാണ് ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് എൽ. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി കേട്ടത്.

റിപ്പബ്ലിക് ടി.വിയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും കേസുകൾ വരികയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അർണബിന്‍റെ വാദങ്ങൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു.

റിപ്പബ്ലിക് ടി.വിക്കെതിരായ കേസുകളുടെ പട്ടിക നൽകാൻ കോടതി മഹാരാഷ്ട്ര സർക്കാറിനോട് നിർദേശിച്ചു. കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസിൽ നിലവിൽ അന്വേഷണം നേരിടുകയാണ് റിപ്പബ്ലിക് ടി.വി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.