ന്യൂഡൽഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ ഐ.എ.എസ് ഓഫിസർ ഷാ ഫൈസലും ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഷെഹ്‍ല റഷീദും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹരജികൾ പിൻവലിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇരുവർക്കും ഹരജി പിൻവലിക്കാൻ അനുമതി നൽകി.
പരാതിക്കാരുടെ പട്ടികയിൽനിന്നു ഇവരുടെ പേരുകൾ നീക്കാനും കോടതി ഉത്തരവിട്ടു. 2009ലെ സിവിൽ സർവിസ് പരീക്ഷയിലെ ഒന്നാംറാങ്കുകാരനാണ് ഷാ ഫൈസൽ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കശ്മീർ സ്വദേശിയും. വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ച ഷാ 2019ൽ കശ്മീരിലെ ആക്രമങ്ങളിൽ പ്രതിഷേധിച്ച് സർവിസിൽനിന്ന് അപ്രതീക്ഷിതമായി വിരമിക്കുകയായിരുന്നു.
കേന്ദ്രം ഇന്ത്യൻ മുസ്ലിംകളെ പാർശ്വവത്കരിക്കുകയാണെന്നും സർക്കാർ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണെന്നും ആരോപിച്ച് പിന്നാലെ ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തു. ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് എന്നപേരിൽ രാഷ്ട്രീയ പാർട്ടിയും രൂപവത്കരിച്ചിരുന്നു. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥി യൂനിയൻ നേതാവായിരുന്നു ഷെഹ്‍ല റഷീദ്. ഇവർ ഷാ ഫൈസലിന്റെ പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. പിന്നീട് ഇരുവരും പാർട്ടി വിട്ടു. ഇതിനിടെ ഷാ ഫൈസലിനെ തിരികെ സർവിസിലെടുത്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട ഹരജികളിൽ ആഗസ്റ്റ് രണ്ട് മുതൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം കേൾക്കും. 2020 മാർച്ചിന് ശേഷം ആദ്യമായാണ് ഹരജികൾ പരിഗണിച്ചത്. 2019 ആഗസ്റ്റ് അഞ്ചിനാണ് 370, 35 എ എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ കേന്ദ്രസർക്കാർ റദ്ദാക്കിയത്. ജമ്മുകശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിക്കുന്ന നിയമവും കേന്ദ്രം കൊണ്ടുവന്നിരുന്നു. ഇവ ചോദ്യം ചെയ്ത് 20ഓളം ഹരജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.