കിഷൻഗഞ്ച് (ബിഹാർ): ആർ.എസ്.എസും ബി.ജെ.പിയും മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രം രാജ്യത്ത് വെറുപ്പും അക്രമവും പടർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ ആളുകളെ തമ്മിൽത്തല്ലിക്കുകയാണവരെന്നും രാഹുൽ പറഞ്ഞു.
സഹോദരന്മാർ പരസ്പരം പോരടിക്കുന്നു. ഇതാണ് ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്ത് സൃഷ്ടിച്ച അന്തരീക്ഷം. ജനങ്ങളെ ഒന്നിപ്പിക്കാനാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹക്കട തുറന്ന് ജനങ്ങളെ ഒന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും രാഹുൽ പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ബിഹാറിലെ കിഷൻഗഞ്ചിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്ക് ഏറെ സ്വാധീനമുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശമാണിത്.
ഇന്ന് പുർനിയയിലും നാളെ കടിഹാറിലും രാഹുൽ പൊതുസമ്മേളനത്തിൽ സംസാരിക്കും. വ്യാഴാഴ്ച അറാറിയ വഴി വീണ്ടും പശ്ചിമബംഗാളിലേക്ക് കടക്കുന്ന യാത്ര ദിവസങ്ങൾക്കുശേഷം ഝാർഖണ്ഡ് വഴി ബിഹാറിലേക്ക് തിരിച്ചെത്തും.
ഇൻഡ്യ സഖ്യം വിട്ട് ബി.ജെ.പിക്കൊപ്പം ചേർന്ന് നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് രാഹുലിന്റെ യാത്ര സംസ്ഥാനത്ത് പ്രവേശിച്ചത്. കിഷൻഗഞ്ജ് വഴി ബിഹാറിലെത്തിയ പദയാത്രയെ സ്വീകരിക്കാൻ പി.സി.സി പ്രസിഡന്റ് അഖിലേഷ് പ്രസാദ് സിങ്ങിന്റെ നേതൃത്വത്തിൽ ആയിരങ്ങളാണെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.