പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്ന പ്രായത്തിൽ പെൺകുട്ടിക്ക് പങ്കാളിയെ തെരഞ്ഞെടുത്തുകൂടേ? ഉവൈസി

ന്യൂഡൽഹി: 18 വയസ്സിൽ ഒരു പെൺകുട്ടിക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കിൽ എന്തുകൊണ്ട് പങ്കാളിയെ തെരഞ്ഞെടുത്തുകൂടാ എന്ന ചോദ്യമുയർത്തി എ.ഐ.എം.ഐ.എം. എം.പി അസസുദീൻ ഉവൈസി. മോദി സർക്കാരിന്‍റെ പിത്യത്വ അധികാര മനോഭാവത്തെയാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

18 വയസിൽ ഇന്ത്യൻ പൗരന് കരാറുകളിൽ ഒപ്പിടാം, ബിസിനസുകൾ തുടങ്ങാം, പ്രധാനമന്ത്രിയെ തീരുമാനിക്കാം, എം.എൽ.എമാരെയും എം.പിമാരെയും തീരുമാനിക്കാം. എന്നാൽ പങ്കാളിയെ തീരുമാനിക്കാൻ കഴിയില്ല.

പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കി കുറക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഉവൈസി പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി യാതൊന്നും ചെയ്യാത്ത സർക്കാറാണ് ഇതെന്നും ഉവൈസി കുറ്റപ്പെടുത്തി.

ശൈശവവിവാഹങ്ങൾ ഇന്ത്യയിൽ നടക്കാത്തിന് കാരണം അതിനെതിരെ ക്രിമിനൽ നിയമമുള്ളതുകൊണ്ടാണ്. വിദ്യാഭ്യാസം നേടിയതും ചെറിയ തോതിൽ സാമ്പത്തിക പുരോഗതി നേടിയതും ശൈശവ വിവാഹങ്ങൾ കുറയാൻ കാരണമായി. എന്നിട്ടും ഏകദേശം 12 മില്യൺ പെൺകുട്ടികൾ 18 വയസിന് മുൻപ് വിവാഹിതരാകുന്നു എന്നാണ് കണക്ക്.

സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി ഈ സർക്കാർ ഒന്നും ചെയ്യുന്നില്ല. 2005ൽ തൊഴിൽ ശക്തിയിൽ 26 ശതമാനമുണ്ടായിരുന്ന സ്ത്രീകൾ 2020 ആയപ്പോൾ 16 ശതമാനമായി കുറഞ്ഞു. അമേരിക്കയിൽ പല സംസ്ഥാനങ്ങളിലും 14 വയസ്സിൽ തന്നെ വിവാഹം അനുവദിക്കുന്നുണ്ട്. ബ്രിട്ടനിലും കാനഡയിലും വിവാഹപ്രായം 16 ആണ്. - ഉവൈസി പറഞ്ഞു.

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ‍ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഈ സെഷനിൽ തന്നെ ഇത് ബില്ലാക്കി പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. 

Tags:    
News Summary - "If A Girl Can Choose PM At 18, Why Not A Partner": Asaduddin Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.