ബി.ജെ.പിക്കുവേണ്ടി 1200 കിലോമീറ്റർ സഞ്ചരിച്ച അമിത്​ഷാ തൊട്ടടുത്തുള്ള കർഷകരോട് സംസാരിക്കുന്നില്ല -കോൺഗ്രസ്സ്​

ഡൽഹി: ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 1200 കിലോമീറ്റർ യാത്ര ചെയ്ത് ഹൈദരാബാദിലെത്തിയ അമിത്ഷാ എന്തുകൊണ്ട് 15 കിലോമീറ്റർ അടുത്തുള്ള കർഷകരെ കണ്ടില്ലെന്ന് കോൺഗ്രസ്. കഴിഞ്ഞ ദിവസം ഗ്രേറ്റർ ഹൈദരാബാദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത്ഷാ എത്തിയിരുന്നു.'തണുപ്പുകാലത്ത് കർഷകർ തെരുവിലിരിക്കുന്നു. പക്ഷേ അവരോട് സംസാരിച്ചില്ലെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. ഹൈദരാബാദിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യാൻ നിങ്ങൾക്ക് 1,200 കിലോമീറ്റർ സഞ്ചരിക്കാമെങ്കിൽ എന്തുകൊണ്ട് 15 കിലോമീറ്റർ അകലെയുള്ള കർഷകരോട് സംസാരിക്കാൻ സാധിച്ചില്ല' -കോൺഗ്രസ് വക്താവ് രൺദീപ് സിങ്​ സുർജേവാല ചോദിച്ചു.

'പ്രധാനമന്ത്രി മോദി തന്‍റെ മൻ കി ബാത്തിൽ കാർഷിക വിരുദ്ധ നിയമങ്ങളെ ന്യായീകരിച്ചു. ഈ നിയമങ്ങൾ കർഷകർക്ക് എതിരാണ്. കോർപ്പറേറ്റുകൾക്ക് അനുകൂലമാണ്. എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച ആരംഭിക്കാൻ കഴിയാത്തത്'-അദ്ദേഹം ചോദിച്ചു. കർഷക സമരത്തിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളാണെന്നാണ് കേന്ദ്രം പറയുന്നത്. അത് കർഷകരെ അപമാനിക്കുന്നതിന് തുല്യമാണ്. കോൺഗ്രസ് കർഷകർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരം തീർക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച ഉപാധികൾ കർഷകർ തള്ളിയിരുന്നു. കേന്ദ്രസർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടുതൽപേർ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് കർഷക സംഘടനകൾ പറയുന്നു. കർഷകരോട്​ ബുറാഡിയിലെ സമരവേദിയിലേക്കു മാറാനായിരുന്നു സർക്കാർ നിർദേശം. എന്നാൽ, വേദി മാറില്ലെന്നും ഉപാധിവച്ചുള്ള ചർച്ചയ്ക്ക് താൽപര്യമില്ലെന്നും ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്നും കർഷക സംഘടനകൾ അറിയിക്കുകയായിരുന്നു.

കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെ ബി.ജെ.പി തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സമരം നീണ്ടുപോകുന്നത് ഡൽഹിയിൽ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. കര്‍ഷകരാകട്ടെ ഡല്‍ഹിയിലേക്കുള്ള പ്രവേശന കവടങ്ങള്‍ അടച്ച് സമരം ചെയ്യാനും തീരുമാനിച്ചു. പിന്നാലെയാണ് ചര്‍ച്ചക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.