രാഹുൽ ഗാന്ധി പ്രധാനമന്ത്രിപദം സ്വീകരിച്ചാൽ എന്തിന് എതിർക്കണം -സഞ്ജയ് റാവത്ത്

മുംബൈ: രാഹുൽ ഗാന്ധി പ്രധാനമന്ത്രിപദം സ്വീകരിച്ചാൽ എന്തിന് എതിർക്കണമെന്ന് ശിവസേന യു.ബി.ടി നേതാവ് സഞ്ജയ് റാവത്ത്. ദേശീയ നേതാവാണെന്ന് ഒന്നിലധികം തവണ രാഹുൽ തെളിയിച്ചിട്ടുണ്ട്. ജനകീയ നേതാക്കളിൽ ഒരാളാണ് അദ്ദേഹമെന്നും റാവത്ത് പറഞ്ഞു.

നമ്മൾ എല്ലാവരും രാഹുലിനെ സ്നേഹിക്കുന്നു. ഇക്കാര്യത്തിൽ ഇൻഡ്യ സഖ്യത്തിൽ എതിർപ്പോ അഭിപ്രായ വ്യത്യാസമോ ഇല്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

പ്രധാനമന്ത്രി പദം സംബന്ധിച്ച് ഇൻഡ്യ സഖ്യത്തിൽ അഭിപ്രായ ഭിന്നതയില്ല. ബി.ജെ.പിയുടെ ഏകാധിപത്യ സർക്കാറിൽ നിന്ന് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിനാണ് ജനങ്ങൾ വോട്ട് ചെയ്തത്. നരേന്ദ്ര മോദിയും അമിത് ഷായും പരാജയം അംഗീകരിക്കണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

ശിവസേന, എൻ.സി.പി വിഭാഗങ്ങളുടെ കൂട്ടുണ്ടായിട്ടും മഹാരാഷ്ട്രയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ഇൻഡ്യ മുന്നണി നടത്തിയത്. ആകെയുള്ള 48 ലോക്സഭ സീറ്റുകളിൽ 30 സീറ്റാണ് ഇൻഡ്യാ സഖ്യം നേടിയത്. 13 സീറ്റ് നേടിയ കോൺഗ്രസാണ് വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ ഒരു സീറ്റായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ഉദ്ധവ് പക്ഷം ഒമ്പതും പവാർ പക്ഷം ഏട്ടും സീറ്റുകൾ നേടി.

48ൽ 45 ലക്ഷ്യമിട്ട എൻ.ഡി.എക്ക് 17 സീറ്റുകളാണ് നേടാനായത്. എൻ.ഡി.എയിൽ ബി.ജെ.പി ഒമ്പതും ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന ഏഴും അജിത് പവാർ പക്ഷ എൻ.സി.പി ഒരു സീറ്റുമാണ് ജയിച്ചത്. മുംബൈ നഗരത്തിലെ ആറ് സീറ്റുകളിൽ അഞ്ചിലും ഇൻഡ്യ സഖ്യം വിജയിച്ചത് ഉദ്ധവ് താക്കറെയുടെ ജനസമ്മതിയാണ് തെളിയിക്കുന്നത്.

Tags:    
News Summary - If Rahul Gandhi accepts PM post, why would we object": Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.