വോട്ടർമാർക്ക് തെറ്റുപറ്റിയാൽ യു.പി കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പരിഹസിച്ച് ശശി തരൂർ എം.പി. 'യു.പി കേരളമായാൽ അതവരുടെ ഭാഗ്യമായിരിക്കുമെന്ന് തരൂർ ട്വീറ്റ് ചെയ്തു.
'യു.പി കേരളമോ ബംഗാളോ കശ്മീരോ ആകാതിരിക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാണ് യോഗി പറയുന്നത്. യു.പി കേരളമായാൽ മികച്ച വിദ്യാഭ്യാസവും, കശ്മീരായാൽ പ്രകൃതി ഭംഗിയും, ബംഗാളായാൽ മികച്ച സംസ്‌കാരവുമുണ്ടാകും. അത് യു.പിക്കാരുടെ വലിയ ഭാഗ്യമായിരിക്കും. യു.പി മനോഹരമായ സ്ഥലമാണ്, അവിടത്തെ സർക്കാരാകട്ടെ ദയനീയവും' -തരൂർ ട്വിറ്ററിൽ കുറിച്ചു.
ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താൻ ബി.ജെ.പിക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന. യോഗിയുടെ വിവാദ പരാമർശത്തിനെതിരെ നിരവധിപേർ രംഗത്ത് വന്നിരുന്നു.
യു.പി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ലഭിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത യോജിപ്പുള്ള ഒരു സമൂഹമായി യു.പിയും മാറും. കേരളം പോലെ ആകണമെന്നാണ് യു.പിയിലെ ജനങ്ങൾ ആ?ഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമോ എന്ന ഭയമാണ് യോഗിക്കുള്ളത്' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്.
ഉത്തർപ്രദേശിനോട് കേരളത്തെ പോലെയാകാൻ ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. ബഹുസ്വരത, ഐക്യം, വികസനം എന്നിവ തെരഞ്ഞെടുക്കുക. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനിക്കുന്ന ഇന്ത്യക്കാരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കേരളത്തിനെതിരായ യോഗിയുടെ പരാമർശത്തിന് മറുപടിയുമായി ആദ്യം രംഗത്തെത്തിയത് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്താണ്. ഉത്തർപ്രദേശ് കേരളത്തെ പോലെയാകുന്നതാണ് നല്ലതെന്ന് രാകേഷ് ടികായത് പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെങ്കിലും കേരളത്തിനൊപ്പം എത്താൻ സാധിക്കുമല്ലോയെന്നും അദ്ദേഹം യോഗിയെ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.