‘നിങ്ങൾ ഒരു ധ്രുവ് റാഠിയെ നിശ്ശബ്ദനാക്കാൻ ശ്രമിച്ചാൽ ആയിരം ​ധ്രുവ് റാഠിമാർ ഉയർന്നുവരും..’

ന്യൂഡൽഹി: ബി.ജെ.പിയുടെ അഴിമതിയെയും കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളെയുമൊക്കെ തുറന്നുകാട്ടുന്നതിൽ രോഷംപൂണ്ട് സംഘ് പരിവാർ കേന്ദ്രങ്ങൾ തനിക്കെതിരെ തിരിയുന്നതിൽ പ്രതികരിച്ച് പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. നിങ്ങൾ എന്തൊക്കെ ഭീഷണികളും പരിഹാസങ്ങളുമൊക്കെയായി രംഗത്തുവന്നാലും താൻ മിണ്ടാതിരിക്കാൻ പോകുന്ന പ്രശ്നമില്ലെന്ന് ധ്രുവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഒരു ​ധ്രുവ് റാഠിയെ നിങ്ങൾ നിശ്ശബ്ദനാക്കിയാലും ഒരായിരം പുതിയ ധ്രുവ് റാഠിമാർ നിങ്ങൾക്കെതിരെ ഉയർന്നുവരുമെന്നും അദ്ദേഹം കുറിച്ചു.

‘വ്യാജ ആരോപങ്ങൾ എനിക്കെതിരെ ഉന്നയിച്ച് രംഗത്തുവന്നിരിക്കുകയാണവർ. ദിനംപ്രതി വധ ഭീഷണികൾ, പരിഹാസങ്ങൾ, എന്നെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിതമായ കള്ളപ്രചാരണങ്ങൾ...ഇതെല്ലാം എനിക്കി​പ്പോൾ ശീലമായിക്കഴിഞ്ഞു. കുറ്റകൃത്യങ്ങൾക്കെല്ലാം പിന്നിലുള്ളവർ ഇരകളായി നടിക്കുന്നുവെന്നതാണ് ഇതിലെ വിരോധാഭാസം. ഇതി​ന്റെയെല്ലാം പിന്നിൽ ആരാണെന്ന് എല്ലാവർക്കുമറിയാം. അവർ എന്നെ നിശബ്ദനാക്കാൻ ആഗ്രഹിക്കുകയാണ്. പക്ഷേ, അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല. നിങ്ങൾ ഒരു ധ്രുവ് റാഠിയെ നിശബ്ദനാക്കിയാൽ, ഒരായിരം പുതിയ ധ്രുവ് റാഠിമാർ ഉയർന്നുവരും..ജയ് ഹിന്ദ്’ -ഇതായിരുന്നു ധ്രുവ് പങ്കുവെച്ച കുറിപ്പ്.

ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും ജയം ലക്ഷ്യമിടുന്ന ബി.ജെ.പിക്കെതിരെ ധ്രുവ് റാഠി ഉതിർക്കുന്ന പൊള്ളുന്ന വിമർശനങ്ങൾ ഏറെ പ്രചാരം നേടുകയാണ്. ധ്രുവിന്റെ വിഡിയോകൾ മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് പേരാണ് യൂട്യൂബിൽ കാണുന്നത്. ​തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിരന്തരം വിദ്വേഷ പരാമർ​ശങ്ങളും നുണകളും എഴുന്നള്ളിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കള്ളങ്ങളെ ധ്രുവ് കണക്കുകളുടെയും വസ്തുതകളുടെയുമൊക്കെ പിൻബലത്തിൽ പൊളിച്ചടുക്കുന്നത് സംഘ്പരിവാർ കേന്ദ്രങ്ങളെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്.

അമ്മ തനിക്ക് ജന്മം നൽകിയിട്ടില്ലെന്ന് പറയുന്ന ഒരാൾ ഏതെങ്കിലുമൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാൻ മാനസികമായി യോഗ്യനാണോ എന്ന ചോദ്യവുമായി ധ്രുവ് റാഠി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ ഊർജം ജൈവികപരമല്ലെന്നും തന്നെ ദൈവം ഭൂമിയിലേക്ക് പറഞ്ഞയച്ചതാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന​ക്കു പിന്നാലെയാണ് സമൂഹ മാധ്യമമായ ‘എക്സി’ൽ ​ധ്രുവ് റാഠി ചോദ്യമുന്നയിച്ചത്. ‘തന്റെ അമ്മ തനിക്ക് ജന്മം നൽകിയിട്ടില്ലെന്ന് ഒരാൾ പറയുകയാണ്. തന്റെ ജനനം ജൈവപരമായല്ല എന്ന് അയാൾ സ്വയം വിശ്വസിക്കുന്നു. അത്തരമൊരാ​ൾ ഏതൊരു രാജ്യത്തിന്റെയും പ്രധാനമന്ത്രിയായിരിക്കാൻ മാനസികമായി യോഗ്യനാണോ?’ -ഇതായിരുന്നു ധ്രുവിന്റെ കുറിപ്പ്.

ഒടുവിൽ ധ്രുവിനെ അപവാദ പ്രചാരണങ്ങളും തെളിവിളികളുമൊക്കെയായി പ്രതിരോധിക്കാനുള്ള നീക്കം നടത്തുകയാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ. ഭീഷണിയുടെ സ്വരത്തിലും അവർ ​ധ്രുവിനെ നിശബ്ദനാക്കാനുള്ള ​ശ്രമം നടത്തുന്നുണ്ട്. ഇതി​നെല്ലാമെതിരെയാണ് തകർപ്പൻ മറുപടിയുമായി ഈ 29കാരൻ രംഗത്തുവന്നിരിക്കുന്നത്.

Tags:    
News Summary - 'If you try to silence one Dhruv Rathee, a thousand Dhruv Rathee will arise..'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.