ന്യൂഡൽഹി: റെയിൽവേ സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഡൽഹി ഐ.ഐ.ടിയുമായി ധാരണയിലെത്തി റെയിൽവേ. ഇതു സംബന്ധിച്ച് റെയിൽവേക്ക് കീഴിലെ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (സി.ആർ.ഐ.എസ്) ഐ.ഐ.ടി ഡൽഹിയുമായി ധാരണപത്രം ഒപ്പുവെച്ചു.
ട്രെയിനുകളിലെയും പാളങ്ങളുടെയും സുരക്ഷ വർധിപ്പിക്കൽ, ചെലവ് കുറക്കൽ, ആധുനിക സാങ്കേതിക സംവിധാനങ്ങൾ നടപ്പാക്കൽ തുടങ്ങിയ മേഖലകളിൽ ഐ.ഐ.ടി ഡൽഹിയിലെ മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗങ്ങളിലെ വിദഗ്ധർ ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്തും. ഇന്ത്യൻ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവെപ്പാണിതെന്ന് ഡൽഹി ഐ.ഐ.ടി പ്രഫ. പ്രീതി രഞ്ജൻ പാണ്ഡ പറഞ്ഞു.
ഡൽഹി ഐ.ഐ.ടിയുമായുള്ള കൂട്ടായ പ്രവർത്തനം റെയിൽവേ പ്രവർത്തനങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിക്കുന്നതിനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും സഹായകരമാകുമെന്ന് സി.ആർ.ഐ.എസ് മാനേജിങ് ഡയറക്ടർ ജി.വി.എൽ സത്യകുമാറും വ്യക്തമാക്കി. വിവിധി വിഷയങ്ങളിൽ സ്വിറ്റ്സർലൻഡുമായും കഴിഞ്ഞ ദിവസം റെയിൽവേ ധാരണപത്രം ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.