കുത്തേറ്റും വെടിയേറ്റും ജീവൻ വെടിഞ്ഞു; രണ്ട് വർഷത്തിനു​ശേഷം ചുരുളഴിഞ്ഞ് ഖരക്പൂർ ഐ.ഐ.ടി വിദ്യാർഥിയുടെ ‘ആത്മഹത്യ’

​കൊൽക്കത്ത: 2022 ഒക്ടോബർ 14നാണ് ഐ.ഐ.ടി ഖരക്പൂരിലെ എൻജിനീയറിങ് വിദ്യാർഥി ഫൈസാൻ അഹ്മദിന്റ അഴുകിത്തുടങ്ങിയ മൃതദേഹം ലാല ലജ്പത് റായ് ഹോസ്റ്റലിലെ സി-205ാം നമ്പർ മുറിയിൽ കണ്ടെത്തിയത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിൽ നിന്നുള്ള ഈ ‘ആത്മഹത്യാ’ വാർത്ത പുറംലോകത്ത് ചെറുതല്ലാത്ത ഞെട്ടലാണുളവാക്കിയത്. എന്നാൽ, 23കാര​​​ൻ സ്വയം ജീവനൊടുക്കിയ​തല്ലെന്നും വെടിയേറ്റും കുത്തേറ്റും ക്രൂരമായി ​കൊല്ലപ്പെട്ടാതാണെന്നുമുള്ള റി​പ്പോർട്ട് രണ്ടു വർഷങ്ങൾക്കുശേഷം പുറത്തുവന്നിരിക്കുന്നു. ഏറ്റവും പുതിയ ഫോറൻസിക് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച തെളിവുകൾ.

ഡോ.എ.കെ. ഗുപ്തയുടെ രണ്ടാമത്തെ ഫോറൻസിക് റിപ്പോർട്ട് പ്രകാരം ഫൈസാന്റെ കഴുത്തിന്റെ മുകളിൽ ഇടതുഭാഗത്ത് വെടിയേറ്റ മുറിവും കഴുത്തിന്റെ വലതുഭാഗത്ത് കുത്തേറ്റ മുറിവുമുണ്ട്. പ്രാഥമിക അന്വേഷണത്തിലോ 2022 ഒക്ടോബർ 15 ന് മിഡ്‌നാപൂർ മെഡിക്കൽ കോളേജിൽ ആദ്യത്തെ പോസ്റ്റ്‌മോർട്ടം നടത്തുമ്പോഴോ ഈ പ്രത്യേക പരിക്കുകളുടെ വിഡിയോ ചിത്രീകരണം പോലീസ് നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

2022ൽ ഫൈസാന്റെ മൃതദേഹം കണ്ടെത്തുന്നതിനും മൂന്ന് ദിവസം മുമ്പ് തങ്ങളുടെ മകൻ കൊല്ലപ്പെട്ടിരിക്കാമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചിരുന്നു. ഫൈസാന്റെ മുറിയായിരുന്നില്ല മൃതദേഹം കണ്ടെത്തിയ ഹോസ്റ്റൽ മുറി.

2023 മേയ് 27ന് കൽക്കട്ട ഹൈകോടതി ഉത്തരവിട്ടതിനെ തുടർന്ന് കൊൽക്കത്ത പൊലീസ് മോർച്ചറിയിൽവെച്ച് നടത്തിയ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടത്തിലാണ് ഫൈസാന്റെ തലയോട്ടിയുടെ വലതുഭാഗത്തെ അസ്ഥിഭാഗം നഷ്ടപ്പെട്ടതായും മൃതദേഹം കണ്ടെടുത്ത ദിവസത്തെ നിശ്ചല ചിത്രങ്ങളുമായി പൊരുത്തപ്പെടുന്നതായും തിരിച്ചറിഞ്ഞത്. കൂടാതെ, ആദ്യം ഹൈകോടതിയിൽ സമർപിച്ച റിപ്പോർട്ടിൽ സംശയിച്ചിരുന്ന വിഷബാധയെ പുതിയ ഫോറൻസിക് റിപ്പോർട്ട് തള്ളിക്കളയുകയും ചെയ്തു.

കഴിഞ്ഞ വർഷം മാർച്ച് 29ന് കൊൽക്കത്ത ഹൈകോടതി ഫൈസാന്റെ മൃതദേഹം മറവുചെയ്ത അസമിലെ ജന്മനാടയ ദിബ്രുഗഡിൽനിന്ന് പുറത്തെടുത്ത് കോടതി നിയോഗിച്ച വിദഗ്ധനെക്കൊണ്ട് ഫോറൻസിക് പരിശോധന നടത്താൻ ഉത്തരവിട്ടിരുന്നു. ഫോറൻസിക് മെഡിസിൻ ആന്റ് ടെക്നോളജിയിൽനിന്ന് വിരമിച്ച പ്രഫസർ ഡോ. എ.കെ. ഗുപ്തയെ ഫൈസാന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പരിശോധിക്കാനും മരണകാരണവും രീതിയും കണ്ടെത്താനും ചുമതലപ്പെടുത്തി. തുടർന്ന് ക​ഴിഞ്ഞ മേയ് 24ന് കൊൽക്കത്ത പോലീസിന്റെ മോർച്ചറിയിലേക്ക് പ്ലൈവുഡ് ​പെട്ടികളിലാക്കി മൃതദേഹാവശിഷ്ടങ്ങൾ എത്തിച്ച് ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കി.

കേസിൽ ഡോ.ഗുപ്തയുടെ അന്തിമ റിപ്പോർട്ട് ഈ മാസം അവസാനം സമർപ്പിച്ചേക്കും.നേരത്തെ വാദം കേട്ടിരുന്ന ജസ്‌റ്റിസ് ജെയ് സെൻഗുപ്തയുടെയും ജസ്‌റ്റിസ് മാൻതയുടെയും ബെഞ്ചുകളിൽനിന്ന് മാറ്റിയതിനുശേഷം ജസ്‌റ്റിസ് അമൃത സിൻഹയുടെ ബെഞ്ചിന് മുമ്പാകെ വാദം കേൾക്കുന്നതിനായി കേസ് അടുത്തയാഴ്‌ച കൊൽക്കത്ത ഹൈകോടതിയിലെത്തും.

Tags:    
News Summary - IIT Kharagpur student was ‘stabbed & shot’, reveals 2nd forensic report 2 yrs after death by ‘suicide’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.