എസ്‌.സി-എസ്.ടി വിഭാഗങ്ങൾക്കുള്ള ഫീസിളവ് ഐ.ഐ.ടികൾ അവഗണിക്കുന്നു; തകരുന്നത് ദരിദ്ര വിദ്യാർഥികളുടെ സ്വപ്നം

ന്യൂഡൽഹി: പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക് ഫീസിളവ് അനുവദിച്ചുകൊണ്ട് എട്ടു വർഷം മുമ്പുള്ള സർക്കാർ ഉത്തരവ് ഐ.ഐ.ടികൾ അവഗണിക്കുന്നു. ഇതുമൂലം സാമ്പത്തികശേഷി കുറഞ്ഞ കുടുംബങ്ങളിലെ നിരവധി വിദ്യാർഥികൾക്ക് ഐ.ഐ.ടി പ്രവേശനം ബാലികേറാമലയാവുകയാണ്. ഈ ഉത്തരവ് ഐ.ഐ.ടികൾ നടപ്പാക്കിയിരുന്നുവെങ്കിൽ ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ടിറ്റോറ ഗ്രാമത്തിലെ ദലിത് വിദ്യാർത്ഥിക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടി വരില്ലായിരുന്നു.

2016 ഏപ്രിൽ 8ന് അന്നത്തെ മാനവ വിഭവശേഷി വികസന മന്ത്രാലയം (ഇപ്പോൾ വിദ്യാഭ്യാസ മന്ത്രാലയം) ഐ.ഐ.ടികൾക്കായി ഒരു ഉത്തരവ് പുറപ്പെടുവിക്കുയുണ്ടായി. 2016-17 മുതൽ ട്യൂഷൻ ഫീസ് പ്രതിവർഷം 2 ലക്ഷം രൂപയായി പരിഷ്കരിക്കാൻ ഐ.ഐ.ടി കൗൺസിൽ ചെയർപേഴ്സൺ അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു അത്. അന്നത്തെ അഡീഷണൽ സെക്രട്ടറി ആർ. സുബ്രഹ്മണ്യം ഒപ്പിട്ട ഉത്തരവിൽ എസ്‌.സി-എസ്.ടി, ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികൾ എന്നിവർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കുമെന്ന് കൂട്ടിച്ചേർത്തു. ഇതനുസരിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് ഫീസിൽ പൂർണ ഇളവ് അനുവദിക്കും. പ്രതിവർഷം 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്ക് ഫീസി​ന്‍റെ മൂന്നിൽ രണ്ട് ഇളവും ലഭിക്കും.

ഐ.ഐ.ടികൾക്കും മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങൾക്കും അയച്ച ഉത്തരവുകൾ നിലവിൽ പ്രാബല്യത്തിൽ തുടരുമ്പോഴും നല്ല സ്കോറിലൂടെ ഈ വിഭാഗത്തിലേക്ക് യോഗ്യത നേടിയ ദലിത്, ആദിവാസി വിദ്യാർഥികളിൽനിന്ന് പൊതുവിഭാഗത്തിന് കീഴിൽ പ്രവേശനം തേടുമ്പോൾ ‘സീറ്റ് അലോക്കേഷൻ ഫീ’ ‘ഭാഗിക പ്രവേശന ഫീസ്’ എന്നീ ഇനങ്ങളിൽ ഫീസ് ഈടാക്കുന്നു. ഈ പേയ്‌മെന്‍റുകളെല്ലാം പ്രവേശനത്തിന് മുമ്പാണ് വാങ്ങുന്നത്. ഐ.ഐ.ടി പ്രവേശനം തേടുന്ന പൊതുവിഭാഗം വിദ്യാർഥികൾ ഓരോരുത്തരും 35,000 രൂപ വീതം ‘സീറ്റ് അലോക്കേഷൻ ഫീസ്’ നൽകണം. കൂടാതെ, അവർ ‘ഭാഗിക പ്രവേശന ഫീസും’ നൽകണം.

അവസാന നിമിഷത്തെ സോഫ്‌റ്റ്‌വെയർ തകരാർ കാരണം ‘സീറ്റ് അലോക്കേഷൻ ഫീ’ അടക്കുന്നതിൽ പരാജയപ്പെട്ട് പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഐ.ഐ.ടി സ്വപ്നം പിന്തുടരാൻ അതുൽകുമാർ എന്ന ദലിത് വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങിയതോടെയാണ് ഇത് വാർത്തയാവുന്നത്. ‘സീറ്റ് അലോക്കേഷൻ ഫീസ്’ ആയി 17,500 രൂപ എസ്‌.സി-എസ്.ടി വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന തുക സമയപരിധിക്കകം അടക്കാൻ അതുലിന് കഴിഞ്ഞിരുന്നില്ല. ഐ.ഐ.ടി ധൻബാദ് അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് ‘ജോസ’യെയും മദ്രാസ് ഹൈകോടതിയെയും സമീപിച്ചെങ്കിലും ആശ്വാസം ലഭിച്ചില്ല. എന്നാൽ, യോഗ്യതയുള്ള വിദ്യാർഥിക്ക് പ്രവേശനം നൽകാൻ ഐ.ഐ.ടി ധൻബാദിനോട് കഴിഞ്ഞയാഴ്ച സുപ്രീംകോടതി നിർദേശിച്ചു.

ദരിദ്രരായ എസ്‌.സി-എസ്‌.ടി വിദ്യാർത്ഥികൾക്ക്, അവരുടെ സാമൂഹിക പദവി മാറ്റമില്ലാതെ തുടരുന്നതിനാൽ ഫീസിളവ് ലഭ്യമാക്കണമെന്ന് ദരിദ്ര വിഭാഗത്തിലെ വിദ്യാർഥികളെ സഹായിക്കുന്ന ഡോ. ബാബാ സാഹെബ് അംബേദ്കർ നാഷണൽ അസോസിയേഷൻ ഓഫ് എൻജിനീയേഴ്സി​ന്‍റെ ജനറൽ സെക്രട്ടറി സഞ്ജയ് സാഗർ പ്രതികരിച്ചു.

Tags:    
News Summary - IITs disregard fee waiver to SCs, STs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.