എൽ.പി.ജി സിലിണ്ടർ ഉപയോഗിച്ച് ട്രെയിൻ അട്ടിമറിക്ക് ശ്രമം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ റൂർക്കിയിൽ എൽ.പി.ജി സിലിണ്ടർ ഉപയോഗിച്ച് ട്രെയിൻ അട്ടിമറിക്ക് ശ്രമം. തലനാരിഴക്കാണ് ട്രെയിൻ അട്ടിമറി ശ്രമം പരാജയപ്പെട്ടത്. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് എൽ.പി.ജി സിലിണ്ടർ കണ്ട് ഉടൻ വിവരം അധികൃതരെ അറിയിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

ലാൻഡൗരക്കും ധനേധര സ്റ്റേഷനുകൾക്ക് ഇടയിലാണ് ട്രെയിൻ അട്ടിമറിക്കുള്ള ശ്രമമുണ്ടായതെന്ന് നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഉപാധ്യായ പറഞ്ഞു. ഗ്യാസ് സിലിണ്ടറിൽ പാചകവാതകം ഉണ്ടായിരുന്നില്ലെന്ന് ധൻദേര സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. ലോക്കൽ പൊലീസിനേയും റെയിൽവേ പൊലീസിനേയും വിവരമറിയിക്കുകയും അവർ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈയടുത്തായി ഇന്ത്യയിൽ ട്രെയിൻ അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങളുണ്ടായിരുന്നു. ദേശീയതലത്തിൽ ഇത്തര​ത്തിലുള്ള 18ഓളം ശ്രമങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ഇതിൽ മൂന്നോളം അട്ടിമറി ശ്രമങ്ങൾ മൂന്നാഴ്ചക്കുള്ളിലാണ് ഉണ്ടായത്.

2023 ജൂൺ മുതൽ ട്രെയിൻ അട്ടിമറിക്കുള്ള 24 ശ്രമങ്ങളുണ്ടായി. എൽ.പി.ജി സിലിണ്ടറിന് പുറമേ ബൈസൈക്കിളുകൾ, ഇരുമ്പ് ദണ്ഡ്, സിമന്റ് ബ്ലോക്ക് എന്നിവയെല്ലാം ഉപയോഗിച്ച് ട്രെയിൻ അട്ടിമറിക്ക് ശ്രമം നടന്നിരുന്നു. ആഗസ്റ്റ് മാസത്തിലാണ് 15ഓളം ട്രെയിൻ അട്ടിമറി ശ്രമങ്ങളും നടന്നത്. അഞ്ചെണ്ണം സെപ്റ്റംബർ മാസത്തിലും നടന്നു. ഇത് റെയിൽവേയുടെ സുരക്ഷയെ സംബന്ധിച്ച് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു.

Tags:    
News Summary - LPG cylinder found on railway track in Roorkee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.