വാർത്താസമ്മേനത്തിൽ സംസാരിക്കുന്ന കർണാടക കോൺഗ്രസ് അധ്യക്ഷൻ  ഡി.കെ. ശിവകുമാർ. കൈയിൽ ഐ.വി ഡ്രിപ് ഇട്ടതും കാണാം

‘എനിക്കിപ്പോൾ പോകാൻ വയ്യ, ആരോഗ്യം അനുവദിക്കുന്നില്ല; നമ്മൾ ഒറ്റക്കെട്ട്, ഒരുമിച്ച് പ്രവർത്തിക്കും’ -ഡി.കെ. ശിവകുമാർ

ബംഗളൂരു: വയറ്റിലെ അണുബാധയെ തുടർന്ന് യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോൾ താ​നെന്നും വീട്ടുകാർ ദൂരയാത്ര അനുവദിക്കുന്നില്ലെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ.  മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് യോഗത്തിൽ പോകാത്തതിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മരുന്ന് കുത്തിവെക്കാൻ കൈയിൽ ഐ.വി ഡ്രിപ് (intravenous cannula) ഇട്ട നിലയിലായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ടത്.

‘ഇപ്പോൾ ദൂരയാത്ര ചെയ്യാൻ കഴിയുന്ന സാഹചര്യമല്ല ഉള്ളത്. വീട്ടുകാർ യാത്രക്ക് സമ്മതിക്കുന്നില്ല. വയറ്റിലെ അണുബാധ കാരണം ക്ഷീണിതനാണ്. വീട്ടിൽനിന്ന് എയർപോർട്ടിലേക്കും അവിടെനിന്ന് വിമാനത്തിൽ ഡൽഹിയിലേക്കുമുള്ള യാത്രക്ക് ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല. എങ്കിലും നാളെ ഡൽഹിക്ക് പോകാൻ ശ്രമിക്കും. കാര്യങ്ങൾ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കും. ഞങ്ങളെല്ലാം ഒറ്റക്കെട്ടാണ്. ഒരുമിച്ച് പ്രവർത്തിക്കും’ -ഡി.കെ. ശിവകുമാർ ബെംഗളൂരുവിൽ പറഞ്ഞു.

കർണാടക മുഖ്യമന്ത്രി പദവിയെകുറിച്ച് ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ പ​ങ്കെടുക്കും എന്നായിരുന്നു വൈകീട്ട് ഡി.കെ പറഞ്ഞത്. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ തീരുമാനം മാറ്റുകയും വയറ്റിൽ അണുബാധയുള്ളതിനാൽ ഇന്ന് പോകുന്നില്ലെന്ന് പറയുകയും ചെയ്തു. ‘ഞാൻ ഒറ്റയാനാണ്, ധൈര്യശാലിയായ ഒറ്റയാനാണ് കൂടുതൽ കരുത്തൻ. 2019ൽ (ജെ.ഡി.എസ്-കോൺഗ്രസ് സഖ്യസർക്കാർ തകർത്ത്) ഞങ്ങളുടെ എം‌.എൽ.‌എമാർ പാർട്ടി വിട്ടപ്പോൾ എനിക്ക് എന്റെ മനോനില നഷ്ടമായിട്ടില്ല’ -എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഗ്രൂപ്പിസം നിഷേധിച്ച ഡി.കെ, തന്‍റേതായി ഒറ്റ എം.എൽ.എമാർ പോലുമില്ലെന്നും എല്ലാം കോൺഗ്രസിന്‍റെ എം.എൽ.എമാരാണെന്നും വ്യക്തമാക്കി. ‘കോൺഗ്രസിന് 135 എം.എൽ.എമാരുണ്ട്. മുഖ്യമന്ത്രി തീരുമാനം സംബന്ധിച്ച എല്ലാം ഹൈക്കമാൻഡിന് വിട്ടു’ -അദ്ദേഹം പറഞ്ഞു.

അതിനിടെ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാൻ തയാറാണെന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ അറിയിച്ചു. വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ആദ്യത്തെ രണ്ടുവർഷം മുഖ്യമന്ത്രി പദം തനിക്ക് വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്.

ആദ്യ രണ്ട് വർഷത്തിന് ശേഷം താൻ സ്ഥാനമൊഴിയുമെന്നും തുടർന്നുള്ള മൂന്ന് വർഷം ശിവകുമാറിന് മുഖ്യമന്ത്രി പദത്തിൽ തുടരാമെന്നുമാണ് സിദ്ധരാമയ്യയുടെ നിർദേശം. ഈ നിർദേശത്തോട് ശിവകുമാർ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും അതേസമയം, മന്ത്രിസഭയിൽ താൻ മാത്രമേ ഉപമുഖ്യമന്ത്രി സ്ഥാനത്തുണ്ടാകാവൂ എന്ന നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വ്യാഴാഴ്ചയാകും കർണാടകയിൽ പുതിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്. ബി.ജെ.പിക്ക് 66 സീറ്റ് മാത്രമാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിലേറെ നേടാനായ കോൺഗ്രസ്, ബി.ജെ.പി എം.എൽ.എമാരെ വിലക്കെടുക്കുന്നതിനെ അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. കോൺഗ്രസിന്‍റെ മുൻ സഖ്യകക്ഷിയായ ജെ.ഡി.എസിന് 19 സീറ്റ് മാത്രമാണ് നേടാനായത്.

Tags:    
News Summary - I'll try to go to Delhi tomorrow, We all are one and we will work together -DK Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.