ന്യൂഡൽഹി: ആറു വർഷത്തിനു ശേഷം വിവാദ നോട്ടുനിരോധനം ശരിവെച്ച സ്വന്തം ബെഞ്ചിലെ നാല് സുപ്രീംകോടതി ജഡ്ജിമാരോട് ശക്തമായി വിയോജിച്ച ഏക വനിത ജഡ്ജി ജസ്റ്റിസ് ബി.വി നാഗരത്ന, സ്വന്തം ബുദ്ധി ഉപയോഗിക്കാതെ കേന്ദ്ര സർക്കാറിന്റെ ആഗ്രഹം നടപ്പാക്കുകയാണ് റിസർവ് ബാങ്ക് ചെയ്തതെന്ന് കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാറും റിസർവ് ബാങ്കും സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷം അവയിലെ വാക്കുകളും പ്രയോഗങ്ങളും സ്വന്തം വിധിപ്രസ്താവത്തിൽ എടുത്തുദ്ധരിച്ചാണ് ജസ്റ്റിസ് നാഗരത്നയുടെ രൂക്ഷ വിമർശം.
‘കേന്ദ്ര സർക്കാർ ആഗ്രഹിച്ചപോലെ’, ‘500, 1000 നോട്ടുകൾ പിൻവലിക്കാൻ സർക്കാർ ശിപാർശ ചെയ്തു’, ‘ശിപാർശ കിട്ടി’ തുടങ്ങിയ റിസർവ് ബാങ്ക് സമർപ്പിച്ച രേഖകളിലെ പരാമർശങ്ങൾ കോടതിമുറിയിൽ ജസ്റ്റിസ് നാഗരത്ന വായിച്ചുകേൾപിച്ചു. റിസർവ് ബാങ്കിന്റെ ഭാഗത്ത് സ്വതന്ത്രമായ ആലോചന നടന്നില്ല എന്ന് സ്വയം വിശദീകരിക്കുന്ന പരാമർശങ്ങളാണിതെന്ന് അവർ കൂട്ടിച്ചേർത്തു.
അത്രയും ഗൗരവമേറിയ ഒരു വിഷയത്തിൽ സ്വന്തം ബുദ്ധി ഉപയോഗിക്കാൻ സമയവുമില്ലായിരുന്നു. 500ന്റെയും 1000ന്റെയും എല്ലാ സീരീസിലുംപെട്ട നോട്ടുകൾക്കുള്ള നിരോധനം നടപ്പാക്കിയത് കേവലം 24 മണിക്കൂർ കൊണ്ടാണ്. നോട്ടുനിരോധിച്ചതിന്റെ ഒരു ദിവസം മുമ്പുമാത്രം 2016 നവംബർ ഏഴിനാണ് കേന്ദ്ര സർക്കാർ തങ്ങളുടെ ആഗ്രഹം റിസർവ് ബാങ്കിനെ അറിയിക്കുന്നത്.
അതിനാൽ, റിസർവ് ബാങ്ക് നിയമത്തിലെ 26(2) വകുപ്പ് പ്രകാരമായിരുന്നില്ല ഈ നോട്ടുനിരോധനം. റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിൽനിന്നും നോട്ടുനിരോധന ശിപാർശ വരുന്നതു പോലെയല്ല കേന്ദ്ര സർക്കാറിൽനിന്ന് വരുന്നത്. കേന്ദ്രത്തിന്റെ ശിപാർശയോട് റിസർവ് ബാങ്ക് യോജിക്കുന്നതും റിസർവ് ബാങ്ക് ശിപാർശ നൽകുന്നതും രണ്ടും രണ്ടാണ്.
ഏതെങ്കിലും സീരീസിലുള്ള നോട്ടുകൾ നിരോധിക്കാൻ പ്രസ്തുത വകുപ്പ് നൽകുന്ന അനുവാദം എല്ലാ സീരീസിനും എന്ന് വ്യാഖ്യാനിക്കാനാവില്ല. ഒരു പ്രത്യേക സീരീസിലുള്ള നോട്ടുകൾ റിസർവ് ബാങ്ക് നിരോധിക്കുന്നതിനേക്കാൾ ഗൗരവമേറിയതാണ് എല്ലാ സീരീസലുമുള്ള നോട്ടുകൾ കേന്ദ്ര സർക്കാർ നിരോധിക്കുന്നത്. സർക്കാർ വിജ്ഞാപനത്തിനു പകരം പാർലമെന്റിൽ നിയമനിർമാണം നടത്തിയാണ് ഇത് ചെയ്യേണ്ടത്.
പാർലമെന്റ് രാജ്യത്തിന്റെ ചെറുരൂപമാണ്. ഇത്തരം നിർണായകവും സുപ്രധാനവുമായ വിഷയങ്ങളിൽ ജനാധിപത്യത്തിന്റെ കേന്ദ്രമായ പാർലമെന്റിനെ ഒഴിച്ചുനിർത്താനാവില്ല. നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങൾ ആർ.ബി.ഐ മുൻകൂട്ടി കണ്ടോ എന്ന് ആരും അത്ഭുതപ്പെടും. നോട്ടു നിരോധനം സൃഷ്ടിക്കുന്ന വിപരീതഫലങ്ങൾ അറിയാൻ വല്ല ശ്രമവും റിസർവ് ബാങ്ക് നടത്തിയോ എന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.