രണ്ടുദിവസത്തെ ലോക്ഡൗൺ നടപ്പാക്കിക്കൂടെ? ഡൽഹി വായു മലിനീകരണത്തിൽ ഇടപെട്ട് സുപ്രീംകോടതി

ന്യൂഡൽഹി: വായു മലിനീകരണം കുറക്കാൻ ഡൽഹിയിൽ രണ്ടു ദിവസത്തെ ലോക്ഡൗൺ ഏർപ്പെടുത്തിക്കൂടെയെന്ന് സുപ്രീംകോടതി. രാജ്യ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും വായുമലിനീകരണ തോത് ദിവസങ്ങളായി രൂക്ഷമായി തുടരുന്നതിടെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

മലിനീകരണ തോത് കുറക്കാൻ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ചോദിച്ചു.

പതിനേഴുകാരനായ അദിത്യ ദൂബെ നൽകിയ ഹരജി ശനിയാഴ്ച പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ ഉൾപ്പെടുന്ന പ്രത്യേക ബെഞ്ച് ഇക്കാര്യങ്ങൾ ചോദിച്ചത്. സ്ഥിതിഗതികൾ എത്രമാത്രം മോശമാണെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. വീടിനുള്ളിൽ പോലും മുഖാവരണം ധരിക്കണം -ചീഫ് ജസ്റ്റിസ് പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സർക്കാർ ഏജൻസികൾ സ്വന്തം നിലയിൽ വായു മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ ബോധിപ്പിച്ചു. വൈക്കോൽ കത്തിക്കുന്നത് തടയുന്നതിന് സ്വീകരിച്ച നടപടികളും കോടതിയെ അറിയിച്ചു.

എന്നാൽ, നിലവിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദികളായി കർഷകരെയാണ് എടുത്തുകാണിക്കുന്നതെന്ന് കോടതി വിമർശിച്ചു. 40 ശതമാനം മാത്രമാണ് അവർ. ഡൽഹിയിലെ ജനങ്ങളെ നിയന്ത്രിക്കാൻ എന്തു നടപടികൾ സ്വീകരിച്ചു. വാഹന മലിനീകരണവും പടക്കം പൊട്ടിക്കുന്നതും നിയന്ത്രിക്കാൻ എന്തു ചെയ്തെന്നും കോടതി ചോദിച്ചു. വി‍‍ഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാനും നിർദേശം നൽകി.

Tags:    
News Summary - Impose 2-day lockdown: CJI Ramana tells Delhi govt on pollution crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.