ലഖ്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ 45 കുട്ടികൾ ഉൾപ്പെടെ 53 പേർ ഡെങ്കിപ്പനി ബാധിച്ചു. 10 ദിവസത്തിനിടെയാണ് 53 മരണവും. നിരവധി മരണം സ്ഥിരീകരിക്കുന്നതോടെ യഥാർഥ മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് യു.പി സർക്കാർ.
ഫിറോസാബാദ് മെഡിക്കൽ കോളജിൽ അസുഖബാധിതരായ നിരവധി കുട്ടികൾ ചികിത്സയിലാണ്. ഇവരിൽ മിക്കവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ദിവസങ്ങളായി നീണ്ടുനിന്ന പനിയെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂന്നുദിവസമായി പനി ബാധിച്ചിരുന്ന ആറുവയസുകാരൻ ലക്കി കഴിഞ്ഞദിവസം മരിച്ചിരുന്നു. പനി മൂർച്ഛിച്ചതോടെ കുട്ടിയെ സർക്കാർ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് ലക്കിയെ ആഗ്രയിലെത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ, ആഗ്രയിലെ ആശുപത്രിയിലെത്തുന്നതിന് മുമ്പുതന്നെ ലക്കി മരണത്തിന് കീഴടങ്ങിയിരുന്നു.
ഫിറോസാബാദ് സ്വദേശിയായ സുനിന്‍റെ മൂത്ത മകൾ അജ്ഞലി മൂന്നുദിവസം മുമ്പ് ഡെങ്കിപ്പനിയെ തുടർന്ന് മരിച്ചിരുന്നു. രണ്ടുദിവസമായി രണ്ടാമത്തെ മകൻ അഭിജിത്ത് കടുത്ത പനിയെ തുടർന്ന് ചികിത്സയിലാണ്. കുട്ടികളിൽ പകർച്ചപനി പടരുന്നുണ്ടെന്നും ചിലരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും മെഡിക്കൽ കോളജിലെ ശിശു രോഗ വിദഗ്ധൻ ഡോ. എൽ.കെ. ഗുപ്ത പറഞ്ഞു.
186 പേരാണ് വൈറൽ-ഡെങ്കി പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. സെപ്റ്റംബർ ആറുവരെ ഒന്നുമുതൽ സ്കൂളുകളിലെ എട്ടുവരെ ക്ലാസുകൾ അടച്ചിടണമെന്ന് ജില്ല മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിങ് നിർദേശിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫിറോസാബാദ് സന്ദർശിച്ചിരുന്നു. മരണകാരണം സ്ഥിരീകരിക്കുന്നതിനായി അന്വേഷണ സമിതിയെ രൂപീകരിച്ചതായും യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.