ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളെ സഹായിക്കാൻ ഹരിയാനയിലെ ഗുഡ്ഗാവിൽ ഹേംകുണ്ഡ് ഫൗണ്ടേഷൻ എൻ.ജി.ഒ സ്ഥാപിച്ച താൽക്കാലിക സൗകര്യം വ്യാഴാഴ്ച അജ്ഞാത വ്യക്തികൾ ആക്രമിച്ച് നശിപ്പിച്ചു. കോവിഡ് രണ്ടാം തരംഗത്തിൻെറ ഏറ്റവും ഗുരുതര ഘട്ടത്തിൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നിരവധി പേർക്ക് സഹായം നൽകിയിരുന്ന കേന്ദ്രമാണിത്.
ഗുരുഗ്രാമിലെ സെക്ടർ 61 ലെ കേന്ദ്രത്തിൽ ആക്രമണം നടക്കുമ്പോൾ രോഗികളാരും ഉണ്ടായിരുന്നില്ല. അതേസമയം, ഓക്സിജൻ സിലിണ്ടറുകൾ നിറക്കാൻ നിരന്തരം ആളുകൾ എത്തുന്നുണ്ട്. രോഗികളെ സഹായിക്കാൻ നഗര കേന്ദ്രത്തിനടുത്തോ മറ്റെവിടെയെങ്കിലുമോ 20,000 ചതുരശ്ര മീറ്റർ സ്ഥലവും സൗകര്യവും അനുവദിക്കണമെന്ന് ഫൗണ്ടേഷൻ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ ആറോടെയാണ് ആക്രമണം തുടങ്ങിയത്. പ്രാദേശിക ഗുണ്ടകളാണ് വന്നത്. പലരുടെ കൈയിലും തോക്കും ആയുധവുമെല്ലാം ഉണ്ടായിരുന്നു. അക്രമികൾ ആദ്യം ജനറേറ്ററുകൾ എടുത്തുമാറ്റി വൈദ്യുതി വിതരണം ഒഴിവാക്കി.
'ഇതിന് പിന്നിൽ ആരാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അവരുടെ പേരുകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നേരത്തെ തന്നെ ഭീഷണികൾ ലഭിക്കുന്നുണ്ട്. ആക്രമണത്തിന് ശേഷം സ്ത്രീകൾ ഉൾപ്പെടെ എല്ലാ സ്റ്റാഫുകളെയും മാറ്റി. എല്ലാ സന്നദ്ധപ്രവർത്തകരും സ്ഥലം ഒഴിഞ്ഞിട്ടുണ്ട്' -ഫൗണ്ടേഷൻ ഡയറക്ടർ ഹർതീർഥ് സിംഗ് പറഞ്ഞു.
'എന്ത് സംഭവിച്ചാലും ഞങ്ങളുടെ സേവനം തുടരും. പക്ഷെ, നിർഭാഗ്യവശാൽ അധികാരത്തിലുള്ള ആളുകൾ ഇൗ സംഭവത്തിന് പിന്നിലുണ്ട്. ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഇവിടെയുണ്ട്. പക്ഷെ, നമ്മുടെ സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം' -അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക ഭരണകൂടത്തിൻെറ കണക്കനുസരിച്ച് 3.5 ലക്ഷം രൂപക്ക് വാക്കാലുള്ള കരാർ പ്രകാരം ഹേംകുണ്ഡ് ഫൗണ്ടേഷൻ രണ്ട് മാസത്തേക്ക് രാമ ടെൻറ് ഹൗസിൽനിന്ന് ഭൂമി ലീസിന് എടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ കമ്പനിയിൽ നിന്നുള്ളവർ വന്ന് സ്ഥലം ബലമായി ഒഴിപ്പിക്കാൻ തുടങ്ങി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉത്തരവാദികളായ ആളുകൾക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.