നാടൻ പശുക്കൾക്ക്​ വികാരം കൂടുതൽ, പാലിൽ സ്വർണം; കേന്ദ്രത്തിന്‍റെ പശുശാസ്​ത്ര പരീക്ഷ സിലബസിൽ വിചിത്ര വിവരങ്ങൾ

ഡൽഹി: പശുക്ഷേമത്തിനായി രൂപവത്കരിച്ച സർക്കാർ സംവിധാനമായ രാഷ്​ട്ര കാമധേനു ആയോഗ് സംഘടിപ്പിക്കുന്ന പശു ശാസ്​ത്ര പരീക്ഷയുടെ സിലബസിൽ വിചിത്രവിവരങ്ങൾ. പരീക്ഷക്കായി പ്രസിദ്ധീകരിച്ച 54 പേജ്​ വരുന്ന പി.ഡി.എഫ്​ രൂപത്തിലുള്ള സിലബസിലാണ്​ കേട്ടുകേഴ്​വിയും വ്യാജ വാർത്തകളും അടങ്ങിയ വിവരങ്ങളുള്ളത്​. പശു കശാപ്പ് മൂലം ഭൂകമ്പങ്ങൾ ഉണ്ടാകുമെന്ന 'ആധികാരിക' വിവരവും സിലബസിലുണ്ട്​. നാടൻ പശുക്കളും വിദേശ ഇനങ്ങളും തമ്മിലുള്ള വ്യത്യാസം വിവരിക്കുന്നിടത്താണ്​ രസകരമായ പല വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്​.


നാടൻ പശുക്കൾ പാൽ ഉത്​പാദനത്തിൽ പിന്നിലാണെങ്കിലും അവയുടെ പാൽ ഗുണനിലവാരത്തിൽ ഏറെ മുന്നിലാണെന്ന്​ സിലബസ്​ പറയുന്നു. നാടൻ പശുക്കളുടെ പെരുമാറ്റംമുതൽ രോഗപ്രതിരോധംവരെ ഉയർന്ന നിലവാരത്തിലുള്ളതാണ്​​. 'ഇന്ത്യൻ പശുവിന്‍റെ പാലിന്‍റെ നിറം ഇളം മഞ്ഞയാണ്. അതിൽ സ്വർണ്ണത്തിന്‍റെ അംശമുള്ളതാണ്​ ഇതിന്​ കാരണം. ജേഴ്സി പശുവിന് ഈ പ്രത്യേകത ഇല്ല. സ്വർണം ഒരു ലോഹമാണ്. ജുനഗഡ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഗവേഷകരുടെ കണ്ടെത്തലുകൾ ഈ വിവരങ്ങൾ ശരിവയ്​ക്കുന്നു'-സിലബസ്​ പറയുന്നു. ഇന്ത്യൻ പശുക്കൾ കൂടുതൽ ശുചിത്വം പാലിക്കുന്നവരാണെന്നും 'വൃത്തികെട്ട സ്ഥലങ്ങളിൽ ഇരിക്കാത്തത്ര ബുദ്ധിയുള്ളവരാണെന്നും' സിലബസ് അവകാശപ്പെടുന്നു.

അതേസമയം ജേഴ്സി പശു മടിയനും രോഗങ്ങൾക്ക് സാധ്യതയുള്ളവനുമാണ്. 'വേണ്ടത്ര ശുചിത്വമില്ലാത്തതിനാൽ ജേഴ്സി പശുക്കൾക്ക്​ വേഗത്തിൽ അണുബാധ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്'. അപരിചിതർ അടുത്തെത്തിയാൽ നാടൻ പശുക്കൾ എഴുന്നേറ്റ്​ നിൽക്കുമെന്ന വിവരവും ഉൾപ്പെടുത്തിയിട്ടുണ്ട്​. പശു ഉൽപ്പന്നങ്ങൾ കാരണം ലോകത്തെ മിക്ക രോഗങ്ങളും ഭേദമാകും. കുട്ടികൾക്കുള്ള ഭക്ഷണം മുതൽ സോറിയാസിസിനുള്ള മരുന്നുവരെ പശു തരുന്നുണ്ട്​. പ്രത്യേക നിറമുള്ള രോമമുള്ള പശുക്കൾക്ക് പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ എങ്ങനെ സഹായിക്കുമെന്നും സിലബസ് വ്യക്തമാക്കുന്നു. '1984 ൽ ഭോപ്പാലിൽ വാതക ചോർച്ച മൂലം 20,000 ത്തിലധികം പേർ മരിച്ചപ്പോൾ ചാണകം പൊതിഞ്ഞ മതിലുകളുള്ള വീടുകളിൽ താമസിക്കുന്നവരെ ബാധിച്ചിട്ടില്ല' എന്ന നിർണായക 'വിവരവും' സിലബസ്​ എടുത്തുപറയുന്നു.

'ആയിരക്കണക്കിനു വർഷങ്ങളായി ആഫ്രിക്കക്കാർ ഉണക്കിയ ചാണകമാണ്​ ഇന്ധനമായി ഉപയോഗിച്ചിരുന്ന​ത്​. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും മിഷനറിമാർ ശീലം ഉപേക്ഷിക്കാൻ അവരെ പഠിപ്പിക്കുകയായിരുന്നു. തുടർന്ന്​ ആളുകൾ വിറകിനായി വനങ്ങളിലേക്ക് തിരിഞ്ഞു. അതോടെ ആഫ്രിക്കയിൽ വനനശീകരണം രൂക്ഷമാ​യി'-സിലബസ്​ കൂട്ടിച്ചേർക്കുന്നു. ഫെബ്രുവരി 25ന് പശു ശാസ്​ത്രത്തിൽ രാജ്യവ്യാപകമായി ഓൺലൈൻ പരീക്ഷ സംഘടിപ്പിക്കാനാണ് രാഷ്​ട്ര കാമധേനു ആയോഗ് തീരുമാനിച്ചിരിക്കുന്നത്​. 'കാമധേനു കൗ വിജ്ഞാൻ പ്രചാർ പ്രസാർ എക്​സാമിനേഷൻ' എന്ന പേരിൽ​ നാല് വിഭാഗത്തിലായാണ്​ പരീക്ഷ നടത്തുക

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.