നാടൻ പശുക്കൾക്ക് വികാരം കൂടുതൽ, പാലിൽ സ്വർണം; കേന്ദ്രത്തിന്‍റെ പശുശാസ്ത്ര പരീക്ഷ സിലബസിൽ വിചിത്ര വിവരങ്ങൾ
text_fieldsഡൽഹി: പശുക്ഷേമത്തിനായി രൂപവത്കരിച്ച സർക്കാർ സംവിധാനമായ രാഷ്ട്ര കാമധേനു ആയോഗ് സംഘടിപ്പിക്കുന്ന പശു ശാസ്ത്ര പരീക്ഷയുടെ സിലബസിൽ വിചിത്രവിവരങ്ങൾ. പരീക്ഷക്കായി പ്രസിദ്ധീകരിച്ച 54 പേജ് വരുന്ന പി.ഡി.എഫ് രൂപത്തിലുള്ള സിലബസിലാണ് കേട്ടുകേഴ്വിയും വ്യാജ വാർത്തകളും അടങ്ങിയ വിവരങ്ങളുള്ളത്. പശു കശാപ്പ് മൂലം ഭൂകമ്പങ്ങൾ ഉണ്ടാകുമെന്ന 'ആധികാരിക' വിവരവും സിലബസിലുണ്ട്. നാടൻ പശുക്കളും വിദേശ ഇനങ്ങളും തമ്മിലുള്ള വ്യത്യാസം വിവരിക്കുന്നിടത്താണ് രസകരമായ പല വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്.
നാടൻ പശുക്കൾ പാൽ ഉത്പാദനത്തിൽ പിന്നിലാണെങ്കിലും അവയുടെ പാൽ ഗുണനിലവാരത്തിൽ ഏറെ മുന്നിലാണെന്ന് സിലബസ് പറയുന്നു. നാടൻ പശുക്കളുടെ പെരുമാറ്റംമുതൽ രോഗപ്രതിരോധംവരെ ഉയർന്ന നിലവാരത്തിലുള്ളതാണ്. 'ഇന്ത്യൻ പശുവിന്‍റെ പാലിന്‍റെ നിറം ഇളം മഞ്ഞയാണ്. അതിൽ സ്വർണ്ണത്തിന്‍റെ അംശമുള്ളതാണ് ഇതിന് കാരണം. ജേഴ്സി പശുവിന് ഈ പ്രത്യേകത ഇല്ല. സ്വർണം ഒരു ലോഹമാണ്. ജുനഗഡ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഗവേഷകരുടെ കണ്ടെത്തലുകൾ ഈ വിവരങ്ങൾ ശരിവയ്ക്കുന്നു'-സിലബസ് പറയുന്നു. ഇന്ത്യൻ പശുക്കൾ കൂടുതൽ ശുചിത്വം പാലിക്കുന്നവരാണെന്നും 'വൃത്തികെട്ട സ്ഥലങ്ങളിൽ ഇരിക്കാത്തത്ര ബുദ്ധിയുള്ളവരാണെന്നും' സിലബസ് അവകാശപ്പെടുന്നു.
അതേസമയം ജേഴ്സി പശു മടിയനും രോഗങ്ങൾക്ക് സാധ്യതയുള്ളവനുമാണ്. 'വേണ്ടത്ര ശുചിത്വമില്ലാത്തതിനാൽ ജേഴ്സി പശുക്കൾക്ക് വേഗത്തിൽ അണുബാധ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്'. അപരിചിതർ അടുത്തെത്തിയാൽ നാടൻ പശുക്കൾ എഴുന്നേറ്റ് നിൽക്കുമെന്ന വിവരവും ഉൾപ്പെടുത്തിയിട്ടുണ്ട്. പശു ഉൽപ്പന്നങ്ങൾ കാരണം ലോകത്തെ മിക്ക രോഗങ്ങളും ഭേദമാകും. കുട്ടികൾക്കുള്ള ഭക്ഷണം മുതൽ സോറിയാസിസിനുള്ള മരുന്നുവരെ പശു തരുന്നുണ്ട്. പ്രത്യേക നിറമുള്ള രോമമുള്ള പശുക്കൾക്ക് പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ എങ്ങനെ സഹായിക്കുമെന്നും സിലബസ് വ്യക്തമാക്കുന്നു. '1984 ൽ ഭോപ്പാലിൽ വാതക ചോർച്ച മൂലം 20,000 ത്തിലധികം പേർ മരിച്ചപ്പോൾ ചാണകം പൊതിഞ്ഞ മതിലുകളുള്ള വീടുകളിൽ താമസിക്കുന്നവരെ ബാധിച്ചിട്ടില്ല' എന്ന നിർണായക 'വിവരവും' സിലബസ് എടുത്തുപറയുന്നു.
'ആയിരക്കണക്കിനു വർഷങ്ങളായി ആഫ്രിക്കക്കാർ ഉണക്കിയ ചാണകമാണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും മിഷനറിമാർ ശീലം ഉപേക്ഷിക്കാൻ അവരെ പഠിപ്പിക്കുകയായിരുന്നു. തുടർന്ന് ആളുകൾ വിറകിനായി വനങ്ങളിലേക്ക് തിരിഞ്ഞു. അതോടെ ആഫ്രിക്കയിൽ വനനശീകരണം രൂക്ഷമായി'-സിലബസ് കൂട്ടിച്ചേർക്കുന്നു. ഫെബ്രുവരി 25ന് പശു ശാസ്ത്രത്തിൽ രാജ്യവ്യാപകമായി ഓൺലൈൻ പരീക്ഷ സംഘടിപ്പിക്കാനാണ് രാഷ്ട്ര കാമധേനു ആയോഗ് തീരുമാനിച്ചിരിക്കുന്നത്. 'കാമധേനു കൗ വിജ്ഞാൻ പ്രചാർ പ്രസാർ എക്സാമിനേഷൻ' എന്ന പേരിൽ നാല് വിഭാഗത്തിലായാണ് പരീക്ഷ നടത്തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.