ന്യൂഡൽഹി: 1800 കോടി രൂപയുടെ ആദായനികുതി നോട്ടീസിന് പിന്നാലെ രണ്ട് ആദായനികുതി നോട്ടീസുകൾകൂടി കോൺഗ്രസിന് ലഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ തങ്ങളെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള ‘നികുതി ഭീകരത’ ആണിതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ട് നോട്ടീസുകൾകൂടി നൽകിയത്. തനിക്ക് വ്യക്തിപരമായി മറ്റൊരു നോട്ടീസ് കൂടി ലഭിച്ചുവെന്ന് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറും വ്യക്തമാക്കി. ആദായനികുതി വകുപ്പിന്റെ നികുതി പുനർനിർണയത്തിനെതിരായ കോൺഗ്രസ് ഹരജികൾ ഡൽഹി ഹൈകോടതി തള്ളിയ ഉടൻ 2017-18 - 2020-21 വരെയുള്ള പിഴയും പലിശയുമായി 1823.08 കോടി അടക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നൽകിയിരുന്നു. വെള്ളിയാഴ്ച നൽകിയ ഈ നോട്ടീസിന് പുറമെ രാത്രിയോടെ രണ്ട് നോട്ടീസുകൾകൂടി അയക്കുകയായിരുന്നുവെന്ന് കോൺഗ്രസ് മാധ്യമവിഭാഗ തലവൻ ജയറാം രമേശ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന് നേരെ ഈ നടക്കുന്നത് നികുതി ഭീകരതയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിന് പക്ഷാഘാതം ഏൽപിക്കാനാഗ്രഹിക്കുകയാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
ഇതിനകം തീർപ്പാക്കിക്കഴിഞ്ഞ ഒരു ആദായനികുതി കണക്കുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച നോട്ടീസ് ഞെട്ടിച്ചുവെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. കോൺഗ്രസിനെയും ഇൻഡ്യ സഖ്യത്തെയും ബി.ജെ.പി ഭയക്കുന്നത് കൊണ്ടാണിതെന്നും ശിവകുമാർ ആരോപിച്ചു. കോൺഗ്രസിന് കോടികൾ പിഴ ചുമത്തിയ ആദായനികുതി വകുപ്പ് ബി.ജെ.പി നടത്തിയ 42 കോടിയുടെ നികുതി ലംഘനത്തിൽ തൊടുന്നില്ലെന്ന് കണക്ക് നിരത്തി കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.
കോൺഗ്രസിന് പിഴ കണക്കാക്കിയ അനുപാതംവെച്ച് 4600 കോടി രൂപ പിഴ ബി.ജെ.പിയിൽനിന്ന് ഈടാക്കേണ്ടിവരുമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസിന് പുറമെ സി.പി.ഐ, തൃണമൂൽ കോൺഗ്രസ് എന്നീ ഇൻഡ്യ കക്ഷികൾക്കും നോട്ടീസ് ലഭിച്ചു.
പഴയ പാൻകാർഡ് ഉപയോഗിച്ച് നികുതി റിട്ടേൺ ഫയൽ ചെയ്തതിന് സി.പി.ഐക്ക് 11 കോടിയുടെ നോട്ടീസ് ലഭിച്ചു. തൃണമൂൽ കോൺഗ്രസ് രാജ്യസഭ എം.പി സാകേത് ഗോഖലെക്ക് 72 മണിക്കൂറിനുള്ളിൽ 11 ആദായനികുതി നോട്ടീസുകൾ ലഭിച്ചു. ആദായനികുതി വകുപ്പിന്റെ വേട്ടക്കെതിരെ കോൺഗ്രസ് ദേശവ്യാപക പ്രക്ഷോഭം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.