ന്യൂഡൽഹി: കരിനിയമമായ യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വലിയ വർധനയെന്ന് റിപ്പോർട്ട്. 2022ൽ രാജ്യത്തുടനീളം ആകെ 1,005 കേസുകളെടുത്തതായി നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോർട്ടിൽ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 17.9 ശതമാനമാണ് വർധിച്ചിട്ടുള്ളത്. 2021ൽ 814 കേസുകളും 2020ൽ 796 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
2022ൽ ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ രജിസ്റ്റർ ചെയ്തത് ജമ്മു-കശ്മീരിലാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ 371 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എൻ.സി.ആർ.ബി വ്യക്തമാക്കുന്നു. മണിപ്പൂരിൽ 167 കേസുകളും അസമിലും ഉത്തർപ്രദേശിലും യഥാക്രമം 133, 101 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. മുൻവർഷങ്ങളെ അപേക്ഷിച്ച് പഞ്ചാബിലും ഹരിയാനയിലും യു.എ.പി.എ കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. രാജ്യത്ത് രജിസ്റ്റർ ചെയ്ത 52 യു.എ.പി.എ കേസുകൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, രാജ്യദ്രോഹ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ കുത്തനെ കുറഞ്ഞു. 2022ൽ 20 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. 2021ൽ 76 രാജ്യദ്രോഹ കേസുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. 2022ൽ പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമപ്രകാരം 4,403 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2021ൽ ഇത് 4,089 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.