ജമ്മു: ‘ഇൻഡ്യ’ സഖ്യ കക്ഷിയായ നാഷനൽ കോൺഫറൻസുമായി (എൻ.സി) മത്സരിക്കുന്നുണ്ടെങ്കിലും തങ്ങളും മുന്നണിയുടെ ഭാഗമാണെന്ന് പി.ഡി.പി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി. ‘ഇൻഡ്യ’യുമായുള്ള ബാന്ധവം പ്രത്യയശാസ്ത്രപരമാണെന്നും ഭരണഘടനാ സംരക്ഷണമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും ജമ്മു-കശ്മീരിലെ അനന്തനാഗ് മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ മെഹ്ബൂബ വ്യക്തമാക്കി. ശ്രീനഗറിലും ബാരാമുല്ലയിലും അനന്തനാഗിലും ഇൻഡ്യ മുന്നണിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി എൻ.സി അംഗങ്ങളാണ് മത്സരിക്കുന്നത്. എന്നാൽ, ഇവിടെ പി.ഡി.പിയും മത്സരരംഗത്തുണ്ട്. അതേസമയം, കോൺഗ്രസ് മത്സരിക്കുന്ന ജമ്മു, ഉധംപൂർ, ലഡാക്ക് എന്നിവിടങ്ങളിൽ പി.ഡി.പി ‘ഇൻഡ്യ’ക്ക് പിന്തുണ നൽകിയിരിക്കുകയാണ്.
നേരത്തെ, മേയ് ഏഴിനായിരുന്നു അനന്ത് നാഗിൽ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. പിന്നീട് ബി.ജെ.പി, അപ്നി പാർട്ടി ഉൾപ്പെടെയുള്ള കക്ഷികൾ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് ഇലക്ഷൻ നീട്ടാൻ ആവശ്യപ്പെട്ടതുസരിച്ചാണ് ആറാം ഘട്ടത്തിലേക്ക് മാറ്റിയത്. മേഖലയിലെ മണ്ണിടിച്ചിലും മഞ്ഞുവീഴ്ചയുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പാർട്ടികൾ കമീഷനെ കണ്ടത്. എന്നാൽ, പി.ഡി.പിയും എൻ.സിയും ഈ തീരുമാനത്തിന് എതിരായിരുന്നു. ജമ്മു-കശ്മീരിലെ മണ്ഡല പുനർനിർണത്തിൽ അനന്ത് നാഗിനെ ‘മാറ്റിവരച്ചതും’ പി.ഡി.പി രാഷ്ട്രീയ വിഷയമായി ഉയർത്തിക്കാണിച്ചിട്ടുണ്ട്. മേഖലയിൽ ബി.ജെ.പിക്ക് ആധിപത്യം ഉറപ്പിക്കാനായിരുന്നു ഇതെന്നാണ് ആരോപണം.
18 പേരാണ് മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. മുൻ മന്ത്രി മിയാൻ അൽത്താഫ് അഹമ്മദ് ആണ് ഇവിടെ എൻ.സി സ്ഥാനാർഥി. ബി.ജെ.പിയുടെ ബി. ടീമായി അറിയപ്പെടുന്ന അപ്നി പാർട്ടിയുടെ സഫർ ഇഖ്ബാലാണ് എൻ.ഡി.എ സ്ഥാനാർഥി. ഗുലാം നബി ആസാദിന്റെ ‘ആസാദി’ പാർട്ടിയും മത്സരരംഗത്തുണ്ട്. ‘ഇൻഡ്യ’ മുന്നണിയുടെ ഭാഗമാണെങ്കിലും എൻ.സിക്കെതിരെ ശക്തമായ വിമർശനമാണ് പ്രചാരണ രംഗത്ത് മെഹ്ബൂബ ഉന്നയിച്ചത്. മതത്തിന്റെ പേരിൽ എൻ.സിയും നേതാവ് ഉമർ അബ്ദുല്ലയും വോട്ടുപിടിക്കുന്നുവെന്നായിരുന്നു അതിലൊന്ന്. അപ്നി പാർട്ടി നേതാക്കൾ പാകിസ്താനിൽനിന്നുള്ള കുഴൽപണമുപയോഗിച്ച് രാജ്യത്ത് ബിസിനസ് നടത്തുന്നവരാണെന്ന ആരേപണവും അവർ ആവർത്തിച്ചുന്നയിച്ചിട്ടുണ്ട്.
അതേസമയം, മെഹ്ബൂബക്കെതിരെ ഉമർ അബ്ദുല്ല രംഗത്തെത്തി. മെഹ്ബൂബ ‘ഇൻഡ്യ’ മുന്നണിയുടെ ഭാഗമാണെന്ന പ്രസ്താവന അപഹാസ്യമാണെന്നും ബി.ജെ.പിയെ ഒഴിവാക്കി അവർ വിമർശനമുന തങ്ങൾക്കുനേരെ മാത്രമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.