ന്യൂഡൽഹി: യു.പി ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കുമെന്ന് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്. സീറ്റ് പങ്കുവെക്കലിനപ്പുറം മുഴുവൻ സീറ്റിലും ഇൻഡ്യ സഖ്യത്തെ വിജയിപ്പിക്കുന്നതിനുള്ള നടപടികളാണ് പാർട്ടി സ്വീകരിക്കുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
വലിയ വിജയത്തിനായി കോൺഗ്രസും സമാജ്വാദി പാർട്ടിയും തോളോടു തോൾ ചേർന്ന് വിജയത്തിനായി പോരാടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇൻഡ്യ സഖ്യം പുതുചരിത്രമെഴുതാൻ ഒരുങ്ങുകയാണ്. പരസ്പരം പിന്തുണ നൽകി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് മണ്ഡലങ്ങളിലും ഇൻഡ്യ സഖ്യത്തെ വിജയിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ പോരാട്ടം. സമാധാനവും പിന്നാക്ക വിഭാഗങ്ങൾ, ദലിതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് മാന്യമായി ജീവിക്കാൻ അവസരമുണ്ടാക്കുകയുമാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 13നാണ് യു.പിയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെുപ്പ് നടക്കുന്നത്. കത്തേഹരി, കർഹാൽ, മീരാപുർ, ഗാസിയാബാദ്, മാജ്ഹവാൻ, ശിശഹമു, ഖായിർ, ഫുൽപൂർ, കുണ്ഡാർകി തുടങ്ങിയ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എം.എൽ.എമാർ ലോക്സഭയിലേക്ക് മത്സരിച്ചതിനെ തുടർന്നാണ് എട്ട് സീറ്റുകളിൽ ഒഴിവ് വന്നത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് സമാജ്‍വാദി പാർട്ടി എം.എൽ.എയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഒമ്പതാമത്തെ സീറ്റ് ഒഴിഞ്ഞത്.
ആദ്യഘട്ടത്തിൽ 10 സീറ്റുകളിൽ അഞ്ചെണ്ണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് നൽകാനാവില്ലെന്ന് സമാജ്‍വാദി പാർട്ടി അറിയിച്ചിരുന്നു. നേരത്തെ അയോധ്യയിലെ മിൽകി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ് കമീഷൻ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.