ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവേയായിരുന്നു രാഹുലിന്‍റെ വാക്കുകൾ. 'എന്‍റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, ഗുജറാത്തിൽ ഇത്തവണ ഇൻഡ്യ സഖ്യം നിങ്ങളെ തോൽപ്പിച്ചിരിക്കും' -രാഹുൽ പറഞ്ഞു. പ്രതിപക്ഷാംഗങ്ങൾ കൈയടികളോടെയാണ് രാഹുലിന്‍റെ വാക്കുകൾക്ക് പ്രതികരിച്ചത്.
ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ടുനിന്ന രാഹുലിന്‍റെ പ്രസംഗം കേന്ദ്ര സർക്കാറിന് കനത്ത പ്രഹരമായി. രാജ്യത്തെ ഓരോ പ്രശ്നങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു രാഹുലിന്‍റെ പ്രസംഗം. ഹിന്ദുക്കളെന്ന് അവകാശപ്പെട്ട് ബി.ജെ.പി അക്രമവും വിദ്വേഷവും വിതക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. അവർ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല.
ബി.ജെ.പി ഈ രാജ്യത്ത് എത്രത്തോളം ഭയം നിറച്ചുവെന്ന് രാഹുൽ ചോദിച്ചു. രാമജന്മഭൂമിയായ അയോധ്യ ബി.ജെ.പിക്ക് മറുപടി നൽകി. അയോധ്യയിൽ മത്സരിക്കണോയെന്ന് മോദി രണ്ടുതവണ പരിശോധിച്ചു. അയോധ്യയിൽ മത്സരിക്കാൻ സാധിക്കുമോയെന്ന് പ്രധാനമന്ത്രി സർവേ നടത്തി. സർവേ നടത്തിയവർ വേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം വാരാണസിയിൽ മത്സരിച്ചത്. വാരാണസിയിൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അയോധ്യയിൽ ക്ഷേത്ര ഉദ്ഘാടനത്തിന് അംബാനിയും അദാനിയും ഉണ്ടായിരുന്നു. എന്നാൽ അയോധ്യ നിവാസികൾ ഉണ്ടായിരുന്നില്ല.
മണിപ്പൂരിനെ ബി.ജെ.പി ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ടുവെന്ന് രാഹുൽ വിമർശിച്ചു. ഒരിക്കൽ പോലും അവിടം സന്ദർശിക്കാൻ മോദി തയാറായില്ല. രാജ്യത്ത് വീരമൃത്യു സംഭവിച്ചാലും സഹായമില്ലെന്നും രാഹുൽ ആരോപിച്ചു. നീറ്റ് പരീക്ഷക്കെതിരെയും രാഹുൽ ആഞ്ഞടിച്ചു. നീറ്റ് പ്രഫഷനൽ പരീക്ഷയല്ല, കമേഴ്സ്യൽ പരീക്ഷയായി മാറി. രാജ്യത്തെ സമ്പന്നരുടെ പരീക്ഷയായി നീറ്റിനെ കേന്ദ്രസർക്കാർ മാറ്റി. ഏഴ് വർഷത്തിനിടെ 70 തവണ ചോദ്യപേപ്പർ ചോർന്നു. പരീക്ഷ നടത്തിപ്പിന്‍റെ പാളിച്ചയാണ് നീറ്റിൽ കണ്ടതെന്നും രാഹുൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.