ന്യൂഡൽഹി: രാജ്യത്തിന്‍റെ 77ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഔദ്യോഗിക തുടക്കം. ചൊവ്വാഴ്ച രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തെക്കുറിച്ച് പ്രസംഗത്തിൽ അദ്ദേഹം പരാമർശിക്കുകയും ചെയ്തു.
രാജ്യം മണിപ്പൂരിന്റെ കൂടെ നിൽക്കുന്നെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് മണിപ്പൂരിലുണ്ടായ അക്രമസംഭവങ്ങളിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അമ്മമാരുടെയും പെൺമക്കളുടെയും അഭിമാനത്തിന് ക്ഷതമേറ്റു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമാധാനം തിരിച്ചുവരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുനഃസ്ഥാപിക്കപ്പെട്ട സമാധാനം മണിപ്പൂരിലെ ജനങ്ങൾ കെട്ടിപ്പടുക്കണം. മണിപ്പൂരിൽ സമാധാനത്തിലൂടെ പരിഹാരത്തിനുള്ള വഴി കണ്ടെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അഞ്ചു വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. അത് എന്‍റെ ഗ്യാരണ്ടിയാണ്. രാജ്യം നേരിടുന്ന മൂന്ന് പ്രധാന വെല്ലുവിളികൾ അഴിമതി, കുടുംബാധിപത്യം, പ്രീണനരാഷ്ട്രീയം എന്നിവയാണ്. മറ്റ് രാജ്യങ്ങൾക്ക് പ്രായമാകുകയാണെന്നും എന്നാൽ ഇന്ത്യ യുവത്വത്തിന്റെ കൊടുമുടിയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 30 വയസ്സിന് താഴെയുള്ള ഏറ്റവും കൂടുതൽ ആളുകളുള്ളത് ഇന്ത്യയിലാണ്. ജി20 ഉച്ചകോടിക്കായി ബാലിയിൽ പോയപ്പോൾ എല്ലാ വികസിത രാജ്യങ്ങളും ഇന്ത്യയുടെ ഡിജിറ്റൽ, സാങ്കേതിക വികസനത്തെക്കുറിച്ച് അറിയാൻ തൽപരരാണ്. ഇന്ത്യയുടെ വികസനം ഡൽഹിയിലും മുംബൈയിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും അത് എല്ലാ വലുതും ചെറുതുമായ നഗരങ്ങളിലും എത്തിയിട്ടുണ്ടെന്നും അവരോട് പറഞ്ഞെന്നും പ്രധാമന്ത്രി പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ സദസ്സാണ് ഈ വർഷം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ വീക്ഷിക്കാൻ ചെങ്കോട്ടയിൽ എത്തിയത്. 2021 മാർച്ചിൽ ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ സമാപനം ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിലാണ്. വിവിധ മേഖലകളിൽനിന്നുള്ള 1,800 പേരെയാണ് പ്രത്യേക അതിഥികളായി ചടങ്ങിലേക്കു ക്ഷണിച്ചത്.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ മണിപ്പൂരിലെ കുക്കി, മെയ്തേയ് വിഭാഗത്തിലെ അംഗങ്ങളുടെ പ്രതിഷേധമുണ്ടായേക്കാമെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നു ഡൽഹിയിൽ വലിയ സുരക്ഷയാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.