ന്യൂഡല്‍ഹി: രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യത്തിനായി ജീവൻ നൽകിയ സൈനികർക്ക് ആദരമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണം. കോവിഡ് മഹാമാരിയെ രാജ്യം നിർമിച്ച വാക്‌സിൻ കൊണ്ട് പൊരുതി തോൽപ്പിച്ചു. ഇന്ത്യ ലോകത്തിന് തന്നെ താങ്ങായി. ജനാധിപത്യം രാജ്യത്ത് കൂടുതൽ ശക്തിപ്പെടുകയാണ്.
ജനാധിപത്യത്തിന്റെ യഥാർഥ ശക്തി തിരിച്ചറിയാൻ നാം ലോകത്തെ സഹായിച്ചു. കൂടുതൽ വിഭാഗങ്ങളിലേക്ക് വളർച്ചയുടെ നേട്ടം എത്തിക്കാനായി. പ്രാദേശികമായ വേർതിരിവുകൾ പരമാവധി കുറക്കാനായി. ഇന്ത്യയിൽ ലിംഗ വിവേചനം കുറഞ്ഞു. എല്ലാ രംഗത്തും സ്ത്രീകൾ തിളങ്ങുകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
75ാം വാർഷികം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ ഒരു വർഷം നീളുന്ന വിവിധ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചിരുന്നു. എല്ലാ വീടുകളിലും മൂന്ന് ദിവസം ത്രിവർണ പതാക പാറിച്ച് 'ഹർ ഘർ തിരങ്ക' ആചരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പിന്നാലെ സംസ്ഥാന സർക്കാറുകളും ത്രിവർണ പതാക ഉയർത്താനുള്ള പരിപാടികളുമായി രംഗത്തുവന്നു. 500 രൂപ ചെലവിൽ 30 കോടി ദേശീയ പതാകകൾ 'ഹർ ഘർ തിരങ്ക'ക്കായി വിപണിയിൽ വിറ്റഴിച്ചെന്നാണ് കണക്ക്. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പ്രവേശന കവാടങ്ങളിലെല്ലാം കാമറകളും മറ്റു സുരക്ഷ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.