ട്രംപിന്റെ വിജയത്തിൽ അസ്വസ്ഥരാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല -എസ്. ജയശങ്കർ

മുംബൈ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിൽ നിരവധി രാജ്യങ്ങൾ അസ്വസ്ഥരാണെന്നും എന്നാൽ ഈ പട്ടികയിൽ ഇന്ത്യ ഇല്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. വിവിധ യു.എസ് പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി മോദിക്ക് ഊഷ്മള ബന്ധമാണുള്ളതെന്നും ജയശങ്കർ പറഞ്ഞു. മുംബൈയിൽ ആദിത്യ ബിർല സിൽവർ ജൂബിലി സ്കോളർഷിപ് പ്രോഗ്രാമിലായിരുന്നു മന്ത്രിയുടെ പരാമർശം.

“പ്രധാനമന്ത്രി മോദി ആദ്യമായി യു.എസ് സന്ദർശിക്കുമ്പോൾ ബറാക് ഒബാമയായിരുന്നു പ്രസിഡന്റ്. പിന്നീട് ഡോണൾഡ് ട്രംപും ജോ ബൈഡനും വന്നു. ഇവരെല്ലാവരുമായും അദ്ദേഹത്തിന് നല്ല ബന്ധമാണുള്ളത്. ഇത്തവണ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വീണ്ടും വിജയിച്ചതിൽ നിരവധി രാജ്യങ്ങൾ അസ്വസ്ഥരാണ്. എന്നാൽ ഈ പട്ടികയിൽ ഇന്ത്യ ഇല്ല. വിജയത്തിനു പിന്നാലെ ട്രംപിനെ അഭിനന്ദനമറിയിച്ച ആദ്യത്തെ മൂന്ന് ലോകനേതാക്കളിൽ ഒരാൾ പ്രധാനമന്ത്രി മോദിയാണ്” -ജയശങ്കർ പറഞ്ഞു.

നവംബർ അഞ്ചിനാണ് യു.എസ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ജയമുറപ്പിച്ചതിനു പിന്നാലെ ട്രംപിനെ ഫോണിൽ വിളിച്ച് മോദി അഭിനന്ദിച്ചിരുന്നു. ഇന്ത്യയുമായി സഹകരിക്കുമെന്നും ലോകസമാധാനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ട്രംപുമായി സംസാരിച്ചെന്ന് ട്വീറ്റ് ചെയ്ത മോദി നിയുക്ത പ്രസിഡന്റിനെ ‘സുഹൃത്ത്’ എന്നാണ് വിശേഷിപ്പിച്ചത്. പ്രതിരോധം, സാങ്കേതികവിദ്യ എന്നീ രംഗങ്ങളിൽ ഇരു രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Tags:    
News Summary - India not among countries nervous about Trump's poll victory, says S Jaishankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.