ന്യൂഡൽഹി: രാജ്യത്ത് ആകെ കോവിഡ് പരിശോധനകളുടെ എണ്ണം ശനിയാഴ്ചയോടെ 20 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,40,794 പരിശോധനകളാണ് നടന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്താകമാനം പരിശോധന സൗകര്യങ്ങൾ വർധിപ്പിച്ചതാണ് പരിശോധനകളുടെ എണ്ണം വർധിച്ചതിന് മുഖ്യപങ്കു വഹിച്ചതെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് 1214 സർക്കാർ ലബോറട്ടറികളും 1155 സവകാര്യ ലബോറട്ടറികളും ഉൾപ്പെടെ 2369 പരിശോധനാ ലാബുകളിലുമായി ദൈനംദിന പരിശോധന ശേഷിയിൽ കൃത്യമായ വർധനവുണ്ട്. ആകെ പോസിറ്റിവിറ്റി നിരക്കിൽ കുറവുമുണ്ട്. നിലവിൽ 5.39 ശതമാനമാണ് പോസിറ്റിവിറ്റി നിരക്കെന്നും മന്ത്രാലയം അറിയിച്ചു.
ഇതുവരെ 54,16,849 ആളുകൾക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകിക്കഴിഞ്ഞു. എല്ലാ ദിവസവും പ്രതിരോധ മരുന്ന് സ്വീകരിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. ഇന്ത്യയാണ് ഏറ്റവും വേഗത്തിൽ അഞ്ച് ദശലക്ഷം ആളുകൾക്ക് കോവിഡ് പ്രതിരോധമരുന്ന് നൽകിയ രാജ്യമെന്നും കേവലം 21 ദിവസംകൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചതെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.