ന്യൂഡൽഹി: ജമ്മു-കശ്മീരിലെ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തിനെതിരെ പാകിസ്താൻ നാഷണൽ അസംബ്ലി കൊണ്ടുവന്ന പ്രമേയം തള്ളി ഇന്ത്യ. പാക് നാഷണൽ അസംബ്ലി പാസാക്കിയ പ്രഹസന പ്രമേയം ഇന്ത്യ നിരാകരിക്കുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവന.
ഇന്ത്യയ്ക്കെതിരെ പാകിസ്താൻ നടത്തുന്ന അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ഭീകരപ്രവർത്തനങ്ങളെ വളർത്തുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താൻ ഇടപെടേണ്ടതില്ലെന്നും പ്രസ്താവനയിൽ പറയുന്നു. സ്വന്തം രാജ്യത്തെ കാര്യങ്ങൾ ക്രമമാക്കാതെ പാക് ഭരണാധികാരികൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയാണ്. അടിസ്ഥാനരഹിതവും പ്രകോപനപരവുമായ കുപ്രചരണങ്ങളിൽ ഏർപ്പെടുന്നത് ഖേദകരമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
നിയമസഭ മണ്ഡലങ്ങളുടെ എണ്ണം 83ൽ നിന്നും 90 ആക്കി ഉയർത്താൻ നേരത്തെ അതിർത്തി നിർണയ കമീഷൻ ശിപാർശ ചെയ്തിരുന്നു. ഹിന്ദു ഭൂരിപക്ഷ ജമ്മുമേഖലയ്ക്ക് 43 സീറ്റും മുസ്ലീം ഭൂരിപക്ഷ കശ്മീരിൽ 47 സീറ്റുമാണ് നീക്കിവെച്ചിട്ടുള്ളത്. കൂടാതെ പുതുതായുള്ള ഏഴ് സീറ്റുകളിൽ ആറെണ്ണം ജമ്മുവിനും ഒന്ന് കശ്മീരിനുമാണ്.
എന്നാൽ നിർദേശത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. നിർദേശത്തെ രാഷ്ട്രീയ പ്രേരിതം എന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പുതിയ അതിർത്തികൾ നിർണയിക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം.
അതിർത്തികൾ പുനർനിർണയിക്കുന്നതിലൂടെ ജമ്മു-കശ്മീരിന്‍റെ രാഷ്ട്രീയ ഭൂപടം തന്നെ മാറിമറയും. നിയമസഭ, ലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണയത്തിനായി അതിർത്തി നിർണയ കമീഷനെ നിയമിക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹരജിയിൽ ജമ്മു-കശ്മീർ ഭരണകൂടത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാറിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.