ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും അമേരിക്കക്ക് ശേഷം 2.5 കോടി രോഗബാധിതരുള്ള രാജ്യമായി ഇന്ത്യ മാറി. കോവിഡ് രൂക്ഷമായി ബാധിച്ച മൂന്നാമത്തെ രാജ്യമായ ബ്രസീലിൽ 1.56 കോടി കോവിഡ് ബാധിതരാണുള്ളത്.
14 ദിവസത്തിനുള്ളിലാണ് ഇന്ത്യയിൽ 50 ലക്ഷം കോവിഡ് ബാധിതർ കൂടിയത്. അതിന് മുമ്പ് ഇന്ത്യ രണ്ട് കോടി കോവിഡ് ബാധിതരിലേക്ക് എത്തിയത് 15 ദിവസം കൊണ്ടായിരുന്നു.
ഒരുകോടിയിൽ നിന്ന് 1.5 കോടിയിലെത്താൻ പക്ഷേ 121 ദിവസമെടുത്തിരുന്നു. ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ മൂന്നു ലക്ഷത്തിൽ ചുറ്റിപ്പറ്റി നിൽക്കുകയാണ്. മരണസംഖ്യ 4000ത്തിൽ താഴെയാണ്. തിങ്കളാഴ്ച രാത്രി 11 മണി വരെ 2.6 ലക്ഷം കോവിഡ് കേസുകളും 3719 മരണങ്ങളുമാണ് സ്ഥിരീകരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രോഗമുക്തരാകുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും 30 ലക്ഷത്തിലധികം ആളുകൾ നിലവിൽ ചികിത്സയിലുണ്ട്.
കർണാടകയിലും (38,000) തമിഴ്നാട്ടിലുമാണ് (33,000) ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയും (26,616) കേരളവുമാണ് (21,402) തൊട്ടുപിറകിൽ. പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിനം 10000ത്തിനും 20000ത്തിനും ഇടയിലാണ് പുതിയ രോഗികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.