ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം ചുരുക്കി അവരെ അപ്രധാനമാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ. ന്യൂനപക്ഷങ്ങളെ ദുർബലമാക്കാൻ നേർക്കുനേരെയോ അല്ലാതെയോ ഹിന്ദു ഭൂരിപക്ഷ ശക്തികളുടെ പങ്കാളിത്തം രാജ്യത്ത് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ലിംകളെ പോലെയുള്ള ന്യൂനപക്ഷങ്ങളെ തിരസ്കരിക്കുന്നതിന് ഒരിക്കൽ ഇന്ത്യ ഖേദിക്കുമെന്നും വാർത്ത ഏജൻസി പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ അമർത്യ സെൻ ഓർമിപ്പിച്ചു.
മതേതരത്വവും സമത്വവുമുണ്ടെന്ന് കരുതുന്ന ഇന്ത്യ പോലൊരു രാജ്യം ന്യൂനപക്ഷങ്ങളെ വിദേശികളായി കാണുന്നത് നിർഭാഗ്യകരമാണ്. എല്ലാ പൗരന്മാർക്കും അവകാശങ്ങളുണ്ടെന്ന് അംഗീകരിക്കലാണ് ഇന്ത്യക്ക് ഇന്ന് ആവശ്യം. മതപരമായി പൂർണ ഹിന്ദുവായിട്ടും ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ വളർത്തിക്കൊണ്ടുവരാൻ ഗാന്ധി തുനിഞ്ഞിട്ടില്ല. സ്വാതന്ത്ര്യലബ്ധിയുടെ വേളയിലുണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട നില മുസ്ലിംകൾക്ക് നൽകാൻ അദ്ദേഹം തയാറായിരുന്നു.
ബി.ജെ.പി സർക്കാർ മെച്ചപ്പെട്ടു എന്ന് താൻ കരുതുന്നില്ല. ‘ഇന്ത്യൻ കാഴ്ചപ്പാടി’നെ ചുരുക്കുകയാണ് ബി.ജെ.പി ചെയ്തത്. ഇന്ത്യ എന്നാൽ ‘ഹിന്ദു ഇന്ത്യ’യാണെന്നും ‘ഹിന്ദി സംസാരിക്കുന്നവരുടെ ഇന്ത്യ’യാണെന്നുമുള്ള ധാരണയുണ്ടാക്കിയെന്നും അമർത്യ സെൻ പറഞ്ഞു.
ന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമായ ഒറ്റക്കുതിരയോട്ടമായിരിക്കുമെന്നു കരുതുന്നത് അബദ്ധമായിരിക്കുമെന്നും പ്രാദേശിക പാർട്ടികളുടെ പങ്ക് പ്രധാനമായിരിക്കുമെന്നും അമർത്യ സെൻ ‘പി.ടി.ഐ’ക്കുള്ള അഭിമുഖത്തിൽ പറഞ്ഞു.
ഡി.എം.കെയും തൃണമൂലും പ്രധാന പാർട്ടികളാണ്. ഒരളവോളം സമാജ്വാദി പാർട്ടിയും അതെ. ബി.ജെ.പിയുടെ സ്ഥാനം പിടിക്കാൻ മറ്റൊരു പാർട്ടിയുമില്ലെന്ന കാഴ്ചപ്പാട് അബദ്ധമായിരിക്കുമെന്നാണ് കരുതുന്നത്. കോൺഗ്രസ് ഏറെ ദുർബലമായി കാണുന്നു. ആരെങ്കിലും കോൺഗ്രസിനെ ഗൗരവമായി പരിഗണിക്കുന്നുണ്ടോ എന്നറിയില്ല. എന്നാൽ, മറ്റൊരു പാർട്ടിക്കുമില്ലാത്ത ഒരു അഖിലേന്ത്യ കാഴ്ചപ്പാട് കോൺഗ്രസ് നൽകുന്നുണ്ട്. കോൺഗ്രസിനകത്ത് ഭിന്നിപ്പുകളുമുണ്ട്.
മമത ബാനർജിക്ക് പ്രധാനമന്ത്രിയാകാൻ കഴിയുമോ എന്ന ചോദ്യത്തിന് അതിനുള്ള യോഗ്യത അവർക്കുണ്ടെന്ന് അമർത്യ സെൻ മറുപടി നൽകി. അവർക്ക് യോഗ്യതയില്ലെന്നല്ല. തീർച്ചയായും യോഗ്യതയുണ്ട്. എന്നാൽ, ഇന്ത്യയിലെ ചേരിതിരിവുകൾക്ക് അറുതി വരുത്തുന്ന നേതൃപാടവം സാധ്യമാക്കുന്ന തരത്തിൽ ബി.ജെ.പിക്കെതിരായ വികാരം ഒരുമിപ്പിക്കാൻ അവർക്കാകുമോ എന്നത് ഇനിയും തെളിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.