ന്യൂഡൽഹി: താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചു. അംബാസഡറും നയതന്ത്ര പ്രതിനിധികളും അടക്കം 120 പേരെ വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. കാബൂളിൽ നിന്ന് വ്യോമസേനയുടെ സി-17 വിമാനത്തിലാണ് പൗരമാരെ എത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. അഫ്ഗാനിൽ ഏകദേശം 500 ഇന്ത്യൻ ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. തിങ്കളാഴ്ച കാബൂളിൽ നിന്ന് 46 ഉദ്യോഗസ്ഥരെയും മറ്റ് ചില ഉപകരണങ്ങളും വ്യോമസേനാ വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചിരുന്നു.
അതിനിടെ, അഫ്ഗാനിലുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടു വരുന്നതിന്‍റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വിദേശകാര്യ മന്ത്രാലയം പ്രത്യേക അഫ്ഗാനിസ്താൻ സെൽ രൂപീകരിച്ചു. ആളുകൾക്ക് ബന്ധപ്പെടാൻ പ്രത്യേക ഫോൺ നമ്പറും (ഫോൺ നമ്പർ: +919717785379) ഇമെയ്ൽ ഐ.ഡിയും (MEAHelpdeskIndia@gmail.com) പ്രസിദ്ധീകരിച്ചിട്ടുണ്ട്്.
ഇന്ത്യൻ പൗരന്മാരെ അഫ്ഗാനിൽ നിന്ന് തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ അമേരിക്കയുടെ സഹായം തേടിയിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും തമ്മിൽ നടന്ന ചർച്ചയിലാണ് സഹായം തേടിയത്. കൂടാതെ, അഫ്ഗാനിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇരുരാജ്യങ്ങളും ചർച്ച ചെയ്തു.
നിലവിൽ അമേരിക്കൻ സേനയുടെ നിയന്ത്രണത്തിലാണ് കാബൂൾ രാജ്യാന്തര വിമാനത്താവളം പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.